തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്‍കിയ ലോകത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോയില്‍ ഈ വിഭാഗത്തിലെ ഇരുപതു പേര്‍ക്കു കൂടി കുടുംബശ്രീ വഴി ജോലി നല്‍കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ഇവര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും നല്‍കി അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് 20 പേര്‍ക്കുകൂടി ജോലി നല്‍കുന്നത്.
മെട്രോയിലേക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്. കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലുമാണ് ഇവരെ നിയമിക്കുക. മെട്രോ സ്റ്റേഷന്റെ വിവിധ വിഭാഗങ്ങളിലേക്കായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത 24 പേരില്‍ നിന്നും യോഗ്യരായ ഇരുപതു പേരെ തിരഞ്ഞെടുക്കുകയായിരുന്നു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിദഗ്ധ പരിശീലന ഏജന്‍സികളുടെ കീഴില്‍ സ്‌കില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരെ പാലാരിവട്ടം മുതല്‍ ചങ്ങമ്പുഴ പാര്‍ക്ക് ഇടപ്പളളി പത്തടിപ്പാലം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കളമശേരി മുട്ടം അമ്പാട്ടുകാവ് കമ്പനിപ്പടി പുളിഞ്ചുവട് ആലുവ വരെയുള്ള പതിനൊന്നു സ്റ്റേഷനുകളിലായി നിയമിക്കും. നിലവില്‍ മെട്രോയുടെ പതിനൊന്നു സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളിലായി ഈ വിഭാഗത്തില്‍ പെട്ട പതിമൂന്നു പേര്‍ ജോലി ചെയ്യുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ 20പേര്‍ക്കു കൂടി കൊച്ചി മെട്രോയില്‍ ജോലി
Tags: KOchi Metrotrans gender