X

ട്രംപിന് മുന്നറിയിപ്പുമായി നാറ്റോ മേധാവി

ലണ്ടന്‍: അമേരിക്കയുടെ പരമ്പരാഗത വിദേശനയങ്ങളില്‍നിന്ന് തെറ്റി സഞ്ചരിക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് നാറ്റോ മുന്നറിയിപ്പ്. ആരെയും ആശ്രയിക്കാതെ ഒറ്റക്ക് പോകുന്നത് യൂറോപ്പിനും അമേരിക്കക്കും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് ഓര്‍മിപ്പിച്ചു.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഏതെങ്കിലും നാറ്റോ സഖ്യരാജ്യത്തിനുനേരെ ആക്രമണമുണ്ടായാല്‍ അവര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ച് രണ്ടു വട്ടം ആലോചിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യു.എസിന്റെ പുതിയ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ നാറ്റോയുടെ ഭദ്രത തകരുമോ എന്ന് നാറ്റോ നേതാക്കള്‍ ഭയക്കുന്നുണ്ട്.
നാറ്റോക്കുള്ള സാമ്പത്തിക വിഹിതം ചില അംഗരാജ്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന ട്രംപിന്റെ വാദം സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് അംഗീകരിച്ചു. നിലവില്‍ നാറ്റോയുടെ ചെലവില്‍ 70 ശതമാനവും വഹിക്കുന്നത് അമേരിക്കയാണ്. എന്നാല്‍ യൂറോപ്പിനെ ഭദ്രമാക്കി നിലനിര്‍ത്തുന്നതിലെ തന്ത്രപ്രധാനമായ താല്‍പര്യം യു.എസ് പ്രസിഡന്റുമാരെല്ലാം ഒരുപോലെ അംഗീകരിച്ചതാണെന്ന് ബ്രിട്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
അമേരിക്കയുടെയും യൂറോപ്പിന്റെയും സുരക്ഷ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. യു.എസിനും യൂറോപ്പിനുമിടക്കുള്ള ബന്ധത്തിന്റെ വിലയെ ചോദ്യംചെയ്യേണ്ട സമയമല്ല ഇത്. അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് ശക്തമായ യു.എസ് നേതൃത്വമാണ് നാറ്റോക്ക് ആവശ്യം. സാമ്പത്തിക ഭാരത്തിന്റെ ഒരു ഭാഗം യൂറോപ്യന്‍ രാജ്യങ്ങള്‍ വഹിക്കേണ്ടതുണ്ടെന്നും സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. നാറ്റോ സഖ്യത്തിന്റെ സഹായം അനിവാര്യമായ സന്ദര്‍ഭങ്ങള്‍ അമേരിക്കക്കുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ ലോക വ്യാപാര കേന്ദ്രത്തിനുനേരെ ഭീകരാക്രമണമുണ്ടായപ്പോള്‍ നാറ്റോ രാജ്യങ്ങള്‍ അമേരിക്കയുടെ രക്ഷക്കെത്തിയ കാര്യം സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് എടുത്തുപറഞ്ഞു. അഫ്ഗാനിസ്താനിലെ സൈനിക നടപടിക്ക് നാറ്റോ നേതൃത്വം നല്‍കി.
അന്നുമുതല്‍ പതിനായിരക്കണക്കിന് യൂറോപ്യന്‍ സൈനികര്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്്. അമേരിക്കയെ ആക്രമിച്ചതിന് മറുപടിയായി നടന്ന സൈനിക നടപടിയില്‍ ആയിരത്തിലേറെ യൂറോപ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാറ്റോ സഖ്യത്തിന് ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ തുരങ്കംവെക്കുമോ എന്ന് പരക്കേ ആശങ്കയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ വാഴ്ത്തിയും അഭിനന്ദിച്ചും ട്രംപ് നടത്തിയ പ്രസ്താവനകളിലും നാറ്റോ അംഗ രാജ്യങ്ങള്‍ നിരാശരാണ്.

chandrika: