X

ട്രംപിന്റെ വിജയവും അമേരിക്കയുടെ ഭാവിയും

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന് പോലും ആശങ്ക. കുടിയേറ്റക്കാര്‍ക്കെതിരായ പുത്തന്‍ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം സൃഷ്ടിച്ചു. അതിലുപരി അമേരിക്കന്‍ യുവത ട്രംപിനെതിരെ തെരുവുകളിലിറങ്ങിയിരിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് ഫലം ലോകത്തെ ഞെട്ടിച്ചിരുന്നു. അവിശ്വസനീയം യാഥാര്‍ത്ഥ്യമായി. മാധ്യമങ്ങളുടെ പ്രവചനവും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ലോകത്തിന്റെ പ്രതീക്ഷയുമൊക്കെ അസ്ഥാനത്തായി. 240 വര്‍ഷത്തെ ചരിത്രമുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ അത്യപൂര്‍വ ജനവിധി. ഇലക്ടറല്‍ കോളജിലെ 538 സ്ഥാനങ്ങളില്‍ 289 ഉം ട്രംപ് നേടി. ഹിലരി ക്ലിന്റന് 219. അതേസമയം ജനകീയ വോട്ടില്‍ ഹിലരി മുന്നില്‍ നില്‍ക്കുന്നു. 47.7 ശതമാനം. ട്രംപിന് 47.5 ശതമാനം. 2000ത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ഗോറിന്നായിരുന്നു അഞ്ച് ലക്ഷം ജനകീയ വോട്ടുകളുടെ മുന്‍തൂക്കം. പക്ഷേ, ജോര്‍ജ് ബുഷ് ജൂനിയര്‍ ഇലക്ടറല്‍ കോളജില്‍ മുന്നിലെത്തി പ്രസിഡന്റായി. അന്നത്തെ ഫലത്തിന്റെ ആവര്‍ത്തനം. അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയിലേക്കാണ് ഇപ്പോഴത്തെ ഫലവും വെളിച്ചം വീശുന്നത്. ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രധാനമായും വിദ്യാര്‍ത്ഥികളും യുവാക്കളും അണിനിരന്ന പ്രതിഷേധ റാലികള്‍ ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റ് അല്ല’ എന്ന മുദ്രാവാക്യം മുഴക്കി. ഇപ്പോഴും തുടരുന്ന പ്രതിഷേധം ചിലേടത്ത് വംശീയ, വര്‍ഗീയ വികാരം ഇളക്കി വിട്ടു.
മാനസിക വിഭ്രാന്തി ബാധിച്ചയാള്‍, ലൈംഗിക ഭ്രാന്തന്‍, കോമാളി തുടങ്ങിയ വിശേഷങ്ങളൊക്കെ പ്രചാരണവേളയില്‍ ട്രംപിന് മേലുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരുടെ എതിര്‍പ്പ് കൂടി അവഗണിച്ച് ട്രംപ് പ്രചാരണ രംഗത്ത് തീവ്ര ദേശീയ വികാരം ആളിക്കത്തിച്ചു. വെള്ള വംശീയതയുടെ ആള്‍ രൂപമായി. മുസ്‌ലിംകള്‍ക്കും കുടിയേറ്റ സമൂഹത്തിനും അമേരിക്കന്‍, ആഫ്രിക്കന്‍ സമൂഹത്തിനും എതിരായി തീവ്രദേശീയ വികാരം ഉയര്‍ത്തിക്കൊണ്ട് ട്രംപ് നടത്തിയ പ്രചാരണം വെള്ളക്കാരെ ആവേശഭരിതരാക്കി. ബരാക് ഒബാമയുടെ ഭരണകാലത്ത് തന്നെ വെള്ളക്കാരുടെ വംശീയത പ്രകടമായി തുടങ്ങിയതാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ നിരന്തരമുണ്ടായ പൊലീസ് നടപടി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒബാമ പ്രസിഡന്റായ ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് സംരക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കറുത്തവര്‍ഗക്കാരും ഡമോക്രാറ്റുകളില്‍ നിന്ന് അകന്നു. ഒബാമക്ക് ലഭിച്ച യുവാക്കളുടെ വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചില്ലെന്നതിന്റെ തെളിവാണ് ഡമോക്രാറ്റ് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ പോലും ഹിലരിക്ക് കാലിടറാന്‍ ഇടയാക്കിയത്. ‘ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്’ എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം കുടിയേറ്റക്കാര്‍ക്കെതിരായി നടത്തിയ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും എതിര്‍പ്പിന് കാരണമായി. 30 ലക്ഷം കുറ്റക്കാരെ പുറത്താക്കുമെന്നും അവരൊക്കെ ക്രിമിനലുകളാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിക്കാന്‍ മാത്രമാണ് ട്രംപിന്റെ നിലപാട് സഹായിക്കുക. മാധ്യമങ്ങള്‍ പ്രചോദിപ്പിക്കുന്നതാണ് പ്രതിഷേധ പ്രകടനങ്ങള്‍ എന്ന് ട്രംപ് കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ കൂടുതല്‍ അകറ്റും.
ട്രംപിന്റെ വംശീയ, വര്‍ഗീയ വിരുദ്ധ നിലപാട് അമേരിക്കന്‍ സമൂഹത്തെ വിഭജിക്കുന്നു എന്നതിന്റെ സൂചനയാണ്, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ 200 വംശീയ ആക്രമണങ്ങള്‍. ഇവ പ്രധാനമായും മുസ്‌ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരെയാണ്, ട്രംപിന്റെ നിലപാടുകള്‍ അധികാരത്തിന് ശേഷവും തുടരുമെന്നാണ് വിജയിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചനകളത്രയും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 2000 കിലോമീറ്റര്‍ നീളത്തില്‍ വന്‍മതില്‍ നിര്‍മിച്ച് കുടിയേറ്റം തടയും. മുസ്‌ലിംകള്‍, ആഫ്രിക്കന്‍ വംശജര്‍ തുടങ്ങിയവരെ പുറത്താക്കും. കാലാവസ്ഥാ കരാറുകളില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നുണ്ട്.
ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ചിന്തിച്ചതിനേക്കാള്‍ ആഴത്തില്‍ അമേരിക്ക വിഭജിക്കപ്പെട്ടു. ആഗ്രഹിച്ചതല്ല സംഭവിച്ചത്’ തീവ്രദേശീയവാദികള്‍ക്ക് അമേരിക്കയുടെ ഉന്നത ശീര്‍ഷരായ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. സ്വകാര്യ ഇ-മെയില്‍ വിവാദം ഹിലരിയുടെ തോല്‍വിക്ക് കാരണമാണ്. ഹിലരി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തന്റെ ജനപ്രീതി ഇടിച്ചതിന് പിന്നില്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമിയാണെന്നും അവര്‍ നിലപാട് തിരുത്തുമ്പോഴേക്കും 2.4 കോടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നുവെന്നും ഹിലരി പറയുന്നു. എഫ്.ബി.ഐയുടെ നീക്കം ട്രംപിന് വേണ്ടിയുള്ള ഗൂഢാലോചനയാണ്.
പരമ്പരാഗത വിദേശനയം തിരുത്തുവാനുള്ള ട്രംപിന്റെ സമീപനത്തിന് എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. റഷ്യയുമായി ചങ്ങാത്തത്തിനുള്ള ട്രംപിന്റെ തയാറെടുപ്പാണ് യൂറോപ്പിനെ ആശങ്കയിലാക്കിയിട്ടുള്ളത്. യൂറോപ്പിനെ ലക്ഷ്യമാക്കി അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക കേന്ദ്രീകരണം നടക്കുമ്പോള്‍ പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദ ശ്രമം സൈനിക നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായേക്കും. ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ കൈവശപ്പെടുത്തിയതു പോലെ എസ്‌തോണിയ, ലിത്‌വാനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് പദ്ധതിയുണ്ടത്രെ. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന ട്രംപിന്റെ നിലപാട്, നാറ്റോ നേതൃത്വത്തെ ചൊടിപ്പിച്ചു. ഈ നീക്കം അമേരിക്കക്കും യൂറോപ്പിനും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന കാര്യം നാറ്റോ മേധാവി ചൂണ്ടിക്കാണിച്ചത് ട്രംപിനുള്ള പ്രഹരമാണ്. ട്രംപിന്റെ വിജയം അറബ് ലോകത്തും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണത്തില്‍ സഊദി അറേബ്യക്ക് എതിരെ നിയമ നിര്‍മ്മാണം നടത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് കൂടുതല്‍ കര്‍ശന നിലപാടുകളിലേക്ക് നീങ്ങാന്‍ സാധ്യത കാണുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍സിന് ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നയനിലപാടുകള്‍ കാതോര്‍ത്തിരിക്കുകയാണ് അറബ് ലോകം. വലിയ പ്രതീക്ഷയൊന്നും അവര്‍ക്കില്ല. സയണിസ്റ്റ് ലോബിയാണ് ട്രംപിന്റെ അണിയറ ശില്‍പ്പികള്‍. യൂറോപ്പിലെ വംശീയവാദികളിലെ ഭീകരമുഖമായ ഡേവിഡ് ഡ്യൂക്കും ഫ്രഞ്ച് നവനാസി പാര്‍ട്ടി നേതാവ് മാരിയ ലെപെന്നും ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ട്രംപിന്റെ നിലപാടു തന്നെ. ചെചന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ട് റഷ്യന്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരത്തില്‍ തുടരുന്ന വഌഡ്മിര്‍ പുട്ടിന്‍ ട്രംപിന് പിന്തുണ നല്‍കുന്നതില്‍ അത്ഭുതപ്പെടാനില്ല. അഹമ്മദാബാദില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ അമിത്ഷായുടെ പാര്‍ട്ടിക്കും ട്രംപിനെ ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. ഇംഗ്ലീഷ് പഴമൊഴി പോലെ ‘ഒരേ തൂവല്‍ പക്ഷികള്‍ക്ക് ഒരേ സമീപനം.’യൂറോപ്പില്‍ നിന്ന് വേര്‍പെടാന്‍ ബ്രിട്ടീഷ് ജനത (ബ്രക്‌സിറ്റ്) എടുത്ത തീരുമാനം പാശ്ചാത്യലോകത്തെ ഞെട്ടിച്ച ശേഷമുണ്ടാകുന്ന മറ്റൊരു അട്ടിമറിയാണ് ട്രംപിന്റെ വിജയം. പുതിയ സംഭവവികാസം ലോകസാഹചര്യം സങ്കീര്‍ണ്ണമാക്കും.

chandrika: