X

ടീമുകള്‍ 48, പ്രാഥമിക ഗ്രൂപ്പില്‍ മൂന്ന് ടീമുകള്‍; ലോകകപ്പ് നടത്തിപ്പില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഫിഫ

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിന്റെ മത്സര ക്രമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഫിഫ ഗവേഷണ സംഘം. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുക, പ്രാഥമിക റൗണ്ട് ഗ്രൂപ്പുകളിലെ ടീമുകളുടെ എണ്ണം നാലില്‍ നിന്ന് മൂന്നായി കുറക്കുക എന്നതാണ് പ്രധാന നിര്‍ദേശങ്ങള്‍. നിലവിലെ 32 ടീം ടൂര്‍ണമെന്റാണ് ഫുട്‌ബോളിന്റെ ഗുണമേന്മക്ക് നല്ലത് എങ്കിലും കൂടുതല്‍ ലാഭം നല്‍കുക 48 ടീമുകളുടെ ടൂര്‍ണമെന്റ് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ ഈ മാസം ആദ്യത്തില്‍ പുറത്തിറക്കിയ 64 പേജുള്ള വിശകലനത്തില്‍ 48 ടീം, മൂന്നംഗ ഗ്രൂപ്പ് ടൂര്‍ണമെന്റ് എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 2026 ലോകകപ്പ് മുതല്‍ ആയിരിക്കും ഈ മാറ്റങ്ങള്‍ സാധ്യമാവുക. 32 ദിവസങ്ങളിലായി 80 മത്സരങ്ങളാവും ലോകകപ്പില്‍ നടത്തപ്പെടുക.

ടെലിവിഷന്‍, പരസ്യ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ലക്ഷ്യമിടുന്ന ഫിഫ കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാനുള്ള മറ്റ് പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ടി.വിയില്‍ മത്സരം കാണുന്ന ഇടങ്ങള്‍ക്ക് അനുസരിച്ച് കിക്ക് ഓഫ് സമയം ക്രമീകരിക്കും. ഇത് നടപ്പിലായാല്‍ യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അര്‍ധരാത്രിയില്‍ ഇരുന്ന് കാണേണ്ട അവസ്ഥ ഉണ്ടാവില്ല.

2018-ലെ റഷ്യ ലോകകപ്പില്‍ 20 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 640 ദശലക്ഷം ഡോളറിന്റെ ലാഭം റഷ്യയില്‍ ലഭിക്കും എന്ന് കരുതുന്നു.

ജനുവരി 10-ന് സൂറിച്ചില്‍ നടക്കുന്ന കൗണ്‍സിലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിടും.

chandrika: