X

ടീം ബസില്‍ അടുത്തിരിക്കില്ല, ഭക്ഷണം കഴിക്കാന്‍ വിളിക്കില്ല; ദക്ഷിണാഫ്രിക്കന്‍ ടീമിലെ വര്‍ണവെറിയെ പറ്റി തുറന്നു പറഞ്ഞ് മഖായ എന്റിനി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടീമിലെ വര്‍ണവെറിയെപ്പറ്റി തുറന്നു പറഞ്ഞ് മുന്‍ പേസര്‍ മഖായ എന്റിനി. ടീം ബസില്‍ താരങ്ങള്‍ തന്റെ അടുത്ത് ഇരിക്കില്ലായിരുന്നു എന്നും ആഹാരം കഴിക്കാന്‍ തന്നെ അവര്‍ വിളിക്കില്ലായിരുന്നു എന്നും എന്റിനി പറഞ്ഞു. തന്റെ മകന്‍ താണ്ടോ എന്റിനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

‘എല്ലാവരും ഒന്നിച്ചാണ് ടീം ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ പോവുക. എപ്പോള്‍ പോകണമെന്ന് അവര്‍ ഒരുമിച്ച് തീരുമാനിക്കും. എന്നാല്‍ ആരും എന്റെ വാതിലില്‍ വന്നു തട്ടുകയോ എന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. എന്റെ മുന്നില്‍ നിന്ന് അവര്‍ ഓരോ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ വെറുമൊരു നോക്കുകുത്തിയായി നിന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ആരും എന്റെ അടുത്ത് ഇരിക്കുമായിരുന്നില്ല. ഞങ്ങളെല്ലാം ഒരേ ജഴ്‌സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും ഞാന്‍ ടീമിനുള്ളില്‍ ഒറ്റപ്പെടല്‍ അനുഭവിച്ചു.

ടീം ബസില്‍ പിന്നിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നതെങ്കില്‍ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറും. ഇത് ഒഴിവാക്കാനായി പലപ്പോഴും ഞാന്‍ ടീം ബസ്സില്‍ യാത്ര ചെയ്യാതെ മാറിനിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഞാന്‍ ഓടും. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുത്തിട്ടായിരിക്കും ഈ ഓട്ടം. കളി കഴിഞ്ഞു തിരിച്ചുപോകുമ്പോഴും ഇതുതന്നെ ചെയ്യുമായിരുന്നു. ടീം ജയിക്കുമ്പോള്‍ എല്ലാവരും സന്തോഷത്തിലായിരിക്കും. തോറ്റാല്‍ ആദ്യം കുറ്റപ്പെടുത്തുക എന്നെയായിരുന്നു. എന്റെ മകന്‍ താണ്ടോയും ഇതേ സാഹചര്യങ്ങളില്‍ കൂടിയാണ് വളര്‍ന്നുവരുന്നത്. ഒറ്റപ്പെടുത്തല്‍ സഹിക്കാനാവാതെ അവന്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 ടീമിന്റെ ക്യാമ്പിലേക്ക് പോകാതിരുന്നിട്ടുണ്ട്.”- എന്റിനി പറഞ്ഞു.

Test User: