ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള അഞ്ച് കമ്പനികളുടെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് സിറസ് മിസ്ത്രി രാജിവെച്ചു. സിറസിനെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കുന്നതിനായി ഈ കമ്പനികള്‍ ഇന്നു മുതല്‍ 24 വരെയുള്ള തിയതികളില്‍ അടിയന്തര ജനറല്‍ ബോഡി യോഗങ്ങള്‍ ചേരാനിരിക്കെയാണ് സിറസിന്റെ തീരുമാനം. ഈ പോരാട്ടം ഞാന്‍ കൂടുതല്‍ വിശാലമായ വേദിയിലേക്ക് മാറ്റുന്നുവെന്ന സിറസിന്റെ ഉദ്ധരണിയോടെ ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ സിറസും ടാറ്റാ ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം നിയമയുദ്ധം മാത്രമായി മാറും.
സിറസിനെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള ഒക്ടോബര്‍ ഏഴിലെ തീരുമാനമാണ് രാജ്യത്തെ വലിയ വ്യവസായ സംരംഭക ഗ്രൂപ്പുകളില്‍ ഒന്നായ ടാറ്റയില്‍ പുതിയ പോരിന് വഴി തുറന്നത്. ഇതിനകം തന്നെ മൂന്നു കമ്പനികള്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് സിറസിനെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ടാറ്റാ സ്റ്റീല്‍സ്-കെമിക്കല്‍സ്, ടാറ്റാ മോട്ടോഴ്‌സ്-പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡില്‍ നിന്നാണ് സിറസ് രാജിവെച്ചത്.