‘സൂഫിയും സുജാതയും’ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ചിത്രത്തിലെ ബാങ്ക് വിളി. ചിത്രത്തിലെ ഗാനങ്ങള്‍ മികച്ചതാണെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ബാങ്ക് വിളി മനോഹരമാണെന്ന് പറയാനും ആരും മടി കാണിച്ചിട്ടില്ല. ഏറെ ആകര്‍ഷണീയമായി ബാങ്ക് കൊടുത്തതിനു പിന്നില്‍ സിയ ഉല്‍ ഹഖ് എന്ന ഗായകന്റെ ശബ്ദമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് സിയ തന്റെ ബാങ്ക് വിളിയെക്കുറിച്ച് പറയുകയാണ്.
‘വാതിക്കല്‍ വെള്ളരിപ്രാവ് എന്ന പാട്ടിലെ ഞാന്‍ പാടിയ ഭാഗം എടുത്തതിനു ശേഷം ജയചന്ദ്രന്‍ സര്‍ ആണ് എന്നോട് ചോദിക്കുന്നത്, സിയ ബാങ്ക് കൊടുക്കുമോ? ഞാനിതു വരെ ബാങ്ക് കൊടുത്തിട്ടൊന്നുമില്ല. എന്നാലും ശ്രമിക്കാമെന്നു പറഞ്ഞു. പിന്നെ, അറബി ഗാനങ്ങള്‍ കൈകാര്യം ചെയ്യാറുള്ളതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു. ഏറ്റവും സുന്ദരമായ ബാങ്കുകളുടെ റഫറന്‍സ് സംവിധായകന്‍ ഷാനവാസ് ഇക്ക തന്നു. മസ്ജിദ് അല്‍ അക്‌സ ജറുസലേമില്‍ ഇപ്പോഴും കൊടുക്കുന്ന ഇമ്പമേറിയ ബാങ്കിന്റെ കുറെ റഫറന്‍സ്! അങ്ങനെ ചെയ്തു. എല്ലാവര്‍ക്കും ഇഷ്ടമായി. ജാതിമതഭേദമന്യേ എല്ലാവരും ആ ബാങ്ക് ഏറ്റെടുത്തു. അതില്‍പ്പരം സന്തോഷം ഒരു കലാകാരന് ഉണ്ടാകുമോ.’സിയ പറഞ്ഞു.
‘സൂഫിയേയും സുജാതയേയും രാജീവിനെയുമെല്ലാം പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് ഈ വാങ്ക് വിളിയും. വാങ്കിന് ജീവന്‍ കൊടുക്കുന്നത് സൂഫിയിലൂടെയാണ്, സൂഫി എത്രത്തോളം ആ വാങ്കിനെ ഉള്‍കൊള്ളുന്നോ അത്രയും അതിന് ജീവനുള്ളതായി തോന്നുമെന്നാണ് ഷാനവാസ് ഇക്ക പറഞ്ഞത്. അര്‍ത്ഥമുള്‍കൊണ്ട് വാങ്ക് പഠിച്ചെടുത്തു. സൂക്ഷിച്ചു കേട്ടാല്‍ മനസ്സിലാവാം, സിനിമയില്‍ ഓരോ തവണ വാങ്ക് വരുമ്പോഴും അതിന്റെ ഇമോഷന്‍സ് വേറെയാണ്. സന്തോഷത്തില്‍ വാങ്ക് വിളിക്കുന്നുണ്ട്, സിനിമയുടെ ആദ്യഭാഗത്തെ വാങ്കിന് മറ്റൊരു ഇമോഷനാണ്,’-സിയ കൂട്ടിച്ചേര്‍ത്തു.
സംഗീതകുടുംബത്തില്‍ നിന്നുമാണ് സിയയുടെ വരവ്. ഹാര്‍മോണിസ്റ്റായ തോപ്പില്‍ മൂസയുടെയും ഗായികയായ ശോഭയുടെയും മകനായ സിയയ്ക്ക് ഹസ്രത്ത് എന്ന പേരില്‍ ഒരു ഖവാലി ഗ്രൂപ്പുമുണ്ട്.