ദുബൈ: ‘ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബൈ’ – ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഈ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങള്‍. ദുബൈ മെട്രോ വികസനവുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് നടത്തിയ പ്രസ്താവനയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
’47 മാസങ്ങള്‍ക്ക് മുമ്പ് ദുബൈ മെട്രോയുടെ റെഡ്‌ലൈന്‍ 11 ബില്യണ്‍ ദിര്‍ഹം മുടക്കി വികസിപ്പിക്കുമെന്ന് നമ്മള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യുകയാണ്. 50 ട്രയിനുകള്‍.. 7 സ്‌റ്റേഷനുകള്‍… ദിനംപ്രതി 125,000 യാത്രക്കാര്‍, 12,000 എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും. വാഗ്ദാനം ചെയ്ത ജോലി പൂര്‍ത്തീകരിക്കാന്‍ എടുത്തത് 80 ദശലക്ഷം മണിക്കൂര്‍ ജോലിയും. നമ്മള്‍ ചെയ്യുന്നതേ പറയൂ. പറയുന്നത് ചെയ്യുകയും ചെയ്യും. ഇത് ദുബൈ ആണ്’ – എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ദുബൈ മെട്രോയുടെ വീഡിയോയും അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ടുവാര്‍ഡ്‌സ് ദ നെക്സ്റ്റ് 50 ഇയേഴ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് മെട്രോ സ്‌റ്റേഷന്റെ വികസനം.