X

ജേക്കബ് തോമസിനോട് കോടതി: മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നതെന്ത്?

മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് വിജിലന്‍സിനെ കുറ്റപ്പെടുത്തിയത്. മേഴ്‌സിക്കുട്ടിയമ്മ, ഇ.പി.ജയരാജന്‍, എ.ഡി.ജി.പി ശ്രീലേഖ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതികളില്‍ വിജിലന്‍സ് കാലതാമസം വരുത്തിയത് കോടതി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം വൈകുന്ന സ്ഥിതിയാണ്. പരാതിക്കാര്‍ കോടതിയെ സമീപിക്കുമ്പോള്‍ മാത്രമാണ് അന്വേഷണത്തിന് ഉത്തരവിടുന്നത്. വിജിലന്‍സ് എന്തിനാണ് ഇങ്ങനെ ഉള്‍വലിയുന്നതെന്നും ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായ തോട്ടണ്ടി അഴിമതി കേസിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സിനും ഡയറക്ടര്‍ ജേക്കബിനും തോമസിനും കോടതിയുടെ വിമര്‍ശനമുണ്ടായത്. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സിന് പരാതി ലഭിച്ചത് 2016 നവംബര്‍ ഒന്‍പതിന് ആയിരുന്നു. രണ്ടുമാസത്തോളം പരാതി പൂഴ്ത്തിവെച്ച ശേഷം തിങ്കളാഴ്ചയാണ് വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിക്കാനിരിക്കേ തലേദിവസം ത്വരിതാന്വേഷണം പ്രഖ്യാപിച്ചതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പരാതിക്കാരനായ റഹീമിന്റെ മൊഴി രേഖപ്പെടുത്തിയെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ മാസം 31ന് അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് മറുപടി നല്‍കി. നവംബര്‍ ഒന്‍പതിന് നല്‍കിയ പരാതിയില്‍ അന്വേഷണ ഉത്തരവ് എന്തുകൊണ്ട് വൈകിയെന്നായി കോടതി. മുന്‍ മന്ത്രി ഇ.പി. ജയരാജനും എ.ഡി.ജി.പി ശ്രീലേഖക്കുമെതിരായ ഹര്‍ജികള്‍ കോടതിയിലെത്തിയപ്പോഴും അവ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കാര്യം കോടതി നിരീക്ഷിച്ചു. അതേസമയം വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തത്ത ഇപ്പോഴും കൂട്ടില്‍ തന്നെയാണെന്ന് അദ്ദേഹം പരിഹസിച്ചു. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ജേക്കബ് തോമസ് എസ്.പിമാരുടെയും വിജിലന്‍സ് നിയമപോദേശകരുടെയും യോഗം വിളിച്ചു.

chandrika: