X

ജി.എസ്.ടി: വില കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി

 
തിരുവനന്തപുരം: നികുതി ഘടനയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നതിനാലും ചരക്കുസേവന നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കു വേണ്ടി നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്‌കൃത വസ്തുക്കള്‍ക്ക് നികുതി ഈടാക്കുകയും അവ ഉപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയ്താല്‍ ഉല്‍പാദകര്‍ക്ക് നികുതി തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഖാദിക്കും കൈത്തറിക്കും നികുതി ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ പിരിക്കുന്ന നികുതി തിരികെ നല്‍കാന്‍ കഴിയുമോ എന്നു സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഉല്‍പന്നങ്ങള്‍ക്കു നികുതി കുറയ്ക്കാന്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും അതിനാല്‍ ഇനി പ്രതീക്ഷ വേണ്ടെന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം, പ്ലൈവുഡ്, സാനിറ്ററി നാപ്കിന്‍, മീന്‍പിടിത്ത ഉപകരണങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവക്ക് നികുതി കുറയ്ക്കണമെന്ന ആവശ്യമാണു ജി.എസ.്ടി കൗണ്‍സിലില്‍ കേരളം മുന്നോട്ടു വെച്ചിരുന്നത്. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന വലയ്ക്ക് ഇപ്പോള്‍ അഞ്ചു ശതമാനമാണു നികുതി. ഈ നികുതി ഒഴിവാക്കിയാല്‍ ചൈനീസ് വലകള്‍ കേരളത്തിലേക്ക് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുകയും തദ്ദേശ വിപണി തകരുകയും ചെയ്യും. നികുതി നല്‍കി പ്ലാസ്റ്റിക് ചരടുവാങ്ങി വല നിര്‍മിക്കുന്ന ഇവിടെയുള്ളവര്‍ക്കാകട്ടെ, വല വില്‍ക്കുമ്പോള്‍ ആ നികുതി ഇന്‍പുട് ടാക്‌സ് ക്രഡിറ്റായി തിരികെ ലഭിക്കുകയും ചെയ്യും. ഉല്‍പന്നങ്ങളുടെ അടിസ്ഥാന വിലയ്ക്കു മേല്‍ ഈടാക്കിയിരുന്ന പഴയ നികുതികള്‍ എത്രയാണോ അതു കുറച്ച ശേഷമാണ് ജി.എസ.്ടി ചുമത്തേണ്ടത്. എന്നാല്‍, മിക്ക വ്യാപാരികളും മുന്‍പ് നികുതിയടക്കം വാങ്ങിയിരുന്ന തുകക്ക് മേല്‍ വീണ്ടും ജി.എസ്.ടി ചുമത്തുകയാണ്. ഇതാണ് വില കൂടാന്‍ കാരണമെന്നും ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാനത്തിനു പരിമിതികളുണ്ട്. ഒരിക്കല്‍ വില കൂടിയാല്‍ പിന്നെ കുറയില്ലെന്നാണു കേരളം വാദിച്ചത്. പുതിയ സ്റ്റോക്ക് എത്തുമ്പോള്‍ എം.ആര്‍.പി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍, കടുത്ത നടപടികള്‍ നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്ന സമീപനമാണു കേന്ദ്രത്തിന്റേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

chandrika: