ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അനധികൃത നിലം നികത്തല്‍ അക്കമിട്ടു നിരത്തിയിരിക്കുകയാണ്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ലേക്ക് പാലസ് റിസോര്‍ട്ടിന്റെയും ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 2014 നു മുമ്പും ശേഷവുമുള്ള നിലം നികത്തലിനെ കുറിച്ച് അഞ്ചു പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങിനായി വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ക്കിംഗിനും വഴിക്കുമായി 50 സെന്റ് യാതൊരു അനുമതിയുമില്ലാതെ നികത്തിയിട്ടുണ്ട്. ശരാശരി 4.6 മീറ്റര്‍-12.5 മീറ്റര്‍ വീതിയില്‍ 250 മീറ്റര്‍ നീളത്തിലാണ് നികത്തിയിട്ടുള്ളത്.
ഈ നികത്തല്‍ നടന്നിട്ടുള്ളത് 2014ന് ശേഷമാണെന്ന് ഉപഗ്രഹ ചിത്രത്തില്‍ വ്യക്തമാകുന്നുണ്ടെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിന്റെ ഗതിമാറ്റുകയും ചാലിന്റെ വീതി കൂട്ടുകയും കല്ല് കെട്ടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായി കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ 2008ല്‍ റിസോര്‍ട്ടിലേക്ക് കരമാര്‍ഗം റോഡ് ഉണ്ടായിരുന്നില്ലെന്നും 2011ന് ശേഷം പടിപടിയായാണ് അപ്രോച്ച് റോഡും പാര്‍ക്കിംഗ് ഏരിയയും ഉണ്ടായതെന്നും വ്യക്തമാകുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണ്.2012 ല്‍ അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
സിപിഎം വാര്‍ഡ് അംഗം ജയപ്രസാദ് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്ന് അന്വേഷണം നടത്തിയിരുന്നു. 2014ല്‍ പ്രദേശത്ത് നിലം നികത്തല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആര്‍ ഡി ഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇതിനു ശേഷമാണ് 2014-17 വരെയുള്ള കാര്യം പറയുന്നത്.
എംപി ലാഡ്‌സ് വഴി നിര്‍മാണത്തിലിരിക്കുന്ന വലിയകുളം-സീറോജെട്ടി റോഡില്‍ കൃഷിയില്ലാതെ തരിശായി കിടക്കുന്ന ഉദ്ദേശം അഞ്ച് സെന്റ് നിലം ഗ്രാവല്‍ ഇട്ട് നികത്തി.റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്തേക്ക് 130 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലുമായി നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കുകയും ഇതിന്റെ വശങ്ങള്‍ കരിങ്കല്‍ കെട്ടി ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേ നികത്തിനോട് ചേര്‍ന്ന് ഒമ്പത് മീറ്റര്‍ വീതിയിലും 38 മീറ്റര്‍ നീളത്തിലുമായി എല്‍ ആകൃതിയില്‍ ഉദ്ദേശം ആറ് സെന്റ് നിലം നികത്തിയിട്ടുണ്ട്. പൊതുചാലില്‍ വശങ്ങളില്‍ കരിങ്കല്‍ കെട്ടുന്നതിന് പാടശേഖരസമിതിയുടെയോ കൃഷി ഓഫീസറുടെയോ അനുമതി വാങ്ങിയിട്ടില്ല.നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ കിഴക്ക് ഭാഗത്തായി ഉദ്ദേശം ഒന്നര സെന്റ് നികത്തിയിട്ടുണ്ട്. അനധികൃത നിലം നികത്ത് നിര്‍ത്തിവെക്കാന്‍ കമ്പനി എം ഡിക്ക് മുല്ലക്കല്‍ വില്ലേജ് ഓഫീസര്‍ ഉത്തരവ് നല്‍കിയിട്ടുള്ളതാണ്.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സെക്ഷന്‍ 3ന്റെ ലംഘനം വ്യക്തമായതിനാല്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നിയമനടപടി സ്വീകരിക്കുന്നതിലേക്കുമായാണ് 26ന് നേരിട്ട് ഹാജരാകാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഒക്ടോബര്‍ നാലിലേക്ക് ഹിയറിംഗ് മാറ്റിച്ചു.
- 7 years ago
chandrika
Categories:
Video Stories
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്; തോമസ് ചാണ്ടിയുടേത് കയ്യേറ്റം തന്നെ
Tags: thomas chandi