X

ജാതിനൂലില്‍ തുന്നിയ ജയം

ലഖ്‌നോ: ജാതി സമവാക്യങ്ങള്‍ കൃത്യമായി കണക്ക്ക്കൂട്ടി പ്രവര്‍ത്തിച്ചു, മുസ്്‌ലിംവോട്ടുകള്‍ക്കെതിരെ അസംഘടിത ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിച്ചു എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട തന്ത്രങ്ങളാണ് യു.പിയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളില്‍ മുഴുവന്‍ വികസനത്തെ കുറിച്ച് വാതോരാതെ പാര്‍ട്ടി സംസാരിച്ചെങ്കിലും യുദ്ധതന്ത്രങ്ങളില്‍ ജാതി രാഷ്ട്രീയത്തിന് സുപ്രധാന ഇടം ലഭിച്ചു. അതിപ്രകാരം;
മുസ്്‌ലിം-യാദവ സമുദായങ്ങള്‍ക്കെതിരെ (സംസ്ഥാനത്ത് മുസ്്‌ലിംകള്‍ 19 ശതമാനവും യാദവുകള്‍ 10 ശതമാനവും വരും) ഏറ്റവും പിന്നാക്ക ജാതിക്കാരായ (മോസ്റ്റ് ബാക്ക്‌വേര്‍ഡ് കമ്യൂണിറ്റീസ്-എം.ബി.സി) സമുദായങ്ങളെ ഒന്നിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കണിശമായ ജാതി സൂത്രങ്ങള്‍ ബി.ജെ.പി ഉപയോഗിച്ചു. ലോധ്, രാജ്ഭര്‍, സൈനി, ഗുജ്ജര്‍, ഷക്യ, മൗര്യ, ധന്‍കര്‍, നിഷാദ്, കേവത് തുടങ്ങിയ യാദവേതര ജാതിയില്‍ നിന്നുള്ള 170 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. ഇവര്‍ സംസ്ഥാനത്തിന്റെ 22 ശതമാനത്തോളം വരും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ 27 ശതമാനവും ഈ ജാതിയില്‍ നിന്നായിരുന്നു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് കുശ്‌വാഹ സമുദായത്തില്‍ നിന്നുള്ള കേശവ് പ്രസാദ് മൗര്യയുടെ നിയോഗം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 201 സമ്മേളനങ്ങളാണ് (പരിവര്‍ത്തന്‍ യാത്ര) പാര്‍ട്ടി നടത്തിയത്. ഇതെല്ലാം നോണ്‍ യാദവ ഒ.ബി.സി (കുര്‍മി, ലോധ്മുന്‍മുഖ്യമന്ത്രി ഉമാഭാരതിയുടെ ജാതി, ഭുമിഹാര്‍ ജാതികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
മോദിയെയും അമിത് ഷായെയും കൂടാതെ മൗര്യ, രാജ്‌നാഥ് സിങ്, ഉമാഭാരതി, കല്‍രാജ് മിശ്ര എന്നിവരായിരുന്നു സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകര്‍. ഇതില്‍ താക്കൂര്‍ സമുദായക്കാരനായ രാജ്‌നാഥ് ആ സമുദായങ്ങള്‍ക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും പ്രചാരണം നടത്തിയത്. ബ്രാഹ്മണനായ കല്‍രാജ് മിശ്ര ഉന്നതജാതിക്കാര്‍ക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിലും. താഴ് ജാതിയിലുള്ള ഉമാഭാരതിയും മൗര്യയും അവരുടെ ജാതി പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ബി.എസ്.പിയില്‍ നിന്ന് ബ്രജേഷ് പഥക്, സ്വാമി പ്രസാദ് മൗര്യ, ആര്‍.കെ മൗര്യ എന്നിവരുടെ വരവ് ബി.എസ്.പിയുടെ ബ്രാഹ്മണ-ദളിത്-ഒബിസിയേതര സഖ്യമോഹങ്ങള്‍ക്ക് തിരിച്ചടിയായി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ റിത ബഹുഗുണ ജോഷിയുടെ വരവും ഗുണമായി.
ദളിതുകളെ പ്രീണിപ്പിക്കാനായി ബി.ആര്‍ അംബേദ്കറിനോടുള്ള ആദരമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്തു. യാദവേതര ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാനും ഇതുവഴി സാധിച്ചു.
തീരെ അറിയപ്പെടാത്ത സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്ന ദലിത് സംഘടനയുമായി വരെ ധാരണയിലെത്തി എട്ട് സീറ്റുകള്‍ ഇവര്‍ക്കു കൊടുത്തു.
ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്കുപോലും ബിജെപി അവസരം നല്‍കിയില്ല. ഇതുവഴി ലക്ഷ്യമിട്ട ഹിന്ദു വോട്ട് ഏകീകരണം സാക്ഷാത്കൃതമായി.
പ്രചാരണത്തില്‍ മുസ്്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ശ്രദ്ധിച്ചു. ഗ്രാമത്തില്‍ ഖബറിസ്ഥാന്‍ ഉണ്ടെങ്കില്‍ അവിടെ ശ്മശാനവും വേണം. റംസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വേണം എന്നിങ്ങനെയുള്ള മോദിയുടെ പ്രസംഗം ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
മുസ്‌ലിം വോട്ടുകള്‍ ബി.എസ്.പിയിലും എസ്.പിയിലുമായി ചിതറിയതിന്റെ ഗുണവും ബിജെപിക്ക് ലഭിച്ചു. ബി.എസ്.പി ക്ക് വോട്ട് ചെയ്യാന്‍ ചില മുസ്്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
ലോക്‌സഭാ വിജയത്തിനു ശേഷം ഹിന്ദുത്വ ഗ്രൂപ്പുകള്‍ യുപിയിലെ ഗ്രാമങ്ങളില്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണ് വിജയം.

chandrika: