കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്‍ ജയില്‍മോചിതനായി. ആറുമാസം തടവുശിക്ഷയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു മോചനം.
കൊല്‍ക്കത്ത പ്രസിഡന്റ്‌സി ജയിലിലായിരുന്നു കര്‍ണനെ സ്വീകരിക്കാന്‍ ഭാര്യ സരസ്വതിയും മൂത്തമകന്‍ സുഗനും ചെന്നൈയില്‍ നിന്നും എത്തിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിലെ ആസ്പത്രിയിലായിരുന്നു 62 കാരനായ കര്‍ണന്‍ കൂടുതലും ചെലവഴിച്ചത്. പ്രത്യേക തടവുകാരനായി പരിഗണിച്ച അദ്ദേഹത്തിന് പുസ്തകങ്ങള്‍ വായിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇക്കാലയളവില്‍ എഴുതിയ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മകന്‍ അറിയിച്ചു. കര്‍ണന്റെ ശരീര ഭാരം 15 കിലോ കുറഞ്ഞതായും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കര്‍ണനും കുടുംബവും 10 ദിവസം കൂടി കൊല്‍ക്കത്തയില്‍ തങ്ങും. സഹ ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി കര്‍ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.
തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹത്തെ ജൂണ്‍ 20ന് കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജി കോടതിലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടത്. അതിനിടയ്ക്ക് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു. ജയിലിലായിരിക്കെ, ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആറു മാസത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമുള്ള കര്‍ണന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.