ടെല്‍അവീവ്: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ശ്രമം തുടങ്ങി. ജറൂസലമിലേക്ക് എംബസികള്‍ മാറ്റുന്നതിന് പത്തോളം രാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ ഉപ വിദേശകാര്യ മന്ത്രി സിപ്പി ഹൊറ്റോവലി പറഞ്ഞു.
അമേരിക്കയെ ചുവടുപിടിച്ച് ജറൂസലമിലേക്ക് എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹൊറ്റോവലിയുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ എംബസികള്‍ ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് അവര്‍ പറഞ്ഞു. ഏതെല്ലാം രാജ്യങ്ങളാണ് എംബസി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഹൊറ്റോവലി വെളിപ്പെടുത്തിയില്ല. എന്നാല്‍ യൂറോപ്പിലെ ചില രാജ്യങ്ങളും കൂട്ടത്തിലുണ്ടെന്നാണ് സൂചന.
ട്രംപിന്റെ തീരുമാനം കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരു രാജ്യത്തിനും ജറൂസലമില്‍ എംബസിയില്ല. ജൂറസലമിനെ തലസ്ഥാനമായി അംഗീകരിക്കണമെന്ന ഇസ്രാഈലിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളിയിട്ടുണ്ട്. ജറൂസലം വിഷയത്തില്‍ നിലപാട് മാറ്റാന്‍ തയാറല്ലെന്നും കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.
എന്നാല്‍ യൂണിന്റെ ഔദ്യോഗിക നിലപാടിനെ ധിക്കരിച്ച് ഏതെങ്കിലും രാജ്യങ്ങള്‍ അമേരിക്കയോടൊപ്പം ചേരുമോ എന്ന് വ്യക്തമല്ല.
ട്രംപിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന പ്രമേയത്തെ യു.എന്‍ പൊതുസഭ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. ഇസ്രാഈലിനും അമേരിക്കക്കും പുറമെ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടോഗോ, മൈക്രോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്. ഒരു യൂറോപ്യന്‍ രാജ്യവും പ്രമേയത്തെ എതിര്‍ത്തിരുന്നില്ല. പക്ഷെ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടിങില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ഗ്വാട്ടിമാലയുടെ തീരുമാനത്തെ ഇസ്രാഈല്‍ സ്വാഗതം ചെയ്തപ്പോള്‍ ഫലസ്തീന്‍ ശക്തമായി അപലപിച്ചു.
യു.എന്‍ പൊതുസഭയുടെ പ്രമേയത്തിനും ജറൂസലമിലെ സഭാ അധികാരികളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി നീങ്ങുന്ന ഗ്വാട്ടിമാലയുടെ തീരുമാനം നിയമവിരുദ്ധവും ലജ്ജാകരവുമാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗ്വാട്ടിമാലയുടെ നടപടിയെ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് വിമര്‍ശിച്ചു. അന്താരാഷ്ട്ര സമൂഹത്തെ പരിഹസിക്കുകയാണ് ഗ്വാട്ടിമാലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്റെ തീരുമാനത്തിനെതിരെ ഫലസ്തീനില്‍ തുടരുന്ന പ്രക്ഷോഭങ്ങളെ ഇസ്രാഈല്‍ അടിച്ചമര്‍ത്തുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ 2900 പേര്‍ക്ക് പരിക്കേറ്റു. 500ലേറെ പേരെ ഇസ്രാഈല്‍ ജയിലിലടച്ചു.