X

ജര്‍മനിയില്‍ ബയേണ്‍ തന്നെ റിയല്‍ കൊമ്പന്മാര്‍

മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോളില്‍ തല്‍ക്കാലം ലൈപ്‌സിഗ് വിപ്ലവമില്ല. ബുണ്ടേല്‍സ് ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് തന്നെ ഒന്നാം സ്ഥാനത്ത് തുടരും. അട്ടിമറി വീരന്മാരായ ലൈപ്‌സിഗിനെ സ്വന്തം മൈതാനമായ അലിയന്‍സ് അറീനയില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ തകര്‍ത്തു. ഇതോടെ ടേബിളില്‍ വ്യക്തമായ മൂന്ന് പോയന്റിന്റെ ലീഡുമായാണ് ബയേണ്‍ ക്രിസ്തുമസ് അവധിയില്‍ പ്രവേശിക്കുന്നത്. പതിനേഴാം മിനുട്ടില്‍ തിയാഗോയിലൂടെയാണ് ബയേണ്‍ സ്‌ക്കോറിംഗ് തുടങ്ങിയത്. ഇരുപത്തിയഞ്ചാം മിനുട്ടില്‍ സാബി അലോണ്‍സോ ലീഡ് ഉയര്‍ത്തി. ബയേണിന്റെ ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാമിനെ ഫൗള്‍ ചെയ്തതിന് ലൈപ് സിഗിന്റെ എമില്‍ ഫോസര്‍ബര്‍ഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായോടെ പത്ത് പേരുമായി കളിച്ച കന്നിക്കാരുടെ വലയില്‍ നാല്‍പ്പത്തിനാലാം മിനുട്ടിലെ പെനാല്‍ട്ടി ഗോളില്‍ റോബര്‍ട്ട് ലെവന്‍ഡോവിസ്‌ക്കി ഗോളടിച്ചതോടെ ചിത്രം പൂര്‍ത്തിയായി.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ലെസസ്റ്റര്‍ സിറ്റി കയറി വന്നത് പോലെ അട്ടിമറികളിലൂടെ മുന്നേറിയവരാണ് ലൈപ്‌സിഗ്. എല്ലാവരെയും തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ ശക്തരായ ബയേണിനൊപ്പമെത്തിയ അവര്‍ അലിയന്‍സ് അറീനയില്‍ വിറപ്പിക്കുന്ന പ്രകടനം നടത്തുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ചാമ്പ്യന്മാരുടെ കരുത്തില്‍ കളിച്ച ബയേണ്‍ അതിന് അവസലരം നല്‍കിയില്ല. കാര്‍ലോസ് അന്‍സലോട്ടി പരിശീലിപ്പിക്കുന്ന ബയേണ്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും പതര്‍ച്ച പ്രകടിപ്പിച്ചില്ല. മറുഭാഗത്ത് കളിക്കുന്നവര്‍ അട്ടിമറീ വീരന്മാരായിട്ടും പതിവ് തന്ത്രങ്ങളില്‍ തന്നെയാണ് അന്‍സലോട്ടി ടീമിനെ ഇറക്കിയത്. ക്യാപ്റ്റന്‍ ലാമാണ് ആദ്യ ഗോളിന് തുടക്കമിട്ടത്. ലിവന്‍ഡോവിസ്‌ക്കിക്ക് നല്‍കിയ ക്രോസ് പെനാല്‍ട്ടി ബോക്‌സില്‍ പോളിഷ് താരം തിയാഗോക്ക് നല്‍കി. സുന്ദരമായ ഷോട്ടില്‍ ആദ്യ ഗോള്‍. പിറകെ തിയാഗോ തുടക്കമിട്ട നീക്കത്തില്‍ പന്ത് മുന്‍ ലിവര്‍പൂള്‍ താരം അലോണ്‍സോക്ക്. അതും എളുപ്പമുളള ഗോള്‍. ഈ ഘട്ടത്തിലൊന്നും ലൈപ്‌സിഗ് ചിത്രത്തിലുണ്ടായിരുന്നില്ല. ചുവപ്പില്‍ ഒരു താരത്തെ നഷ്ടമായതോടെ അവര്‍ വീണ്ടും പിറകോട്ട് പോയി.
പതിനാറ് മല്‍സരങ്ങളാണ് എല്ലാ ടീമുകളും ലീഗില്‍ പൂര്‍ത്തിയാക്കിയത്. 39 പോയന്റാണ് ബയേണിന്. 36 ല്‍ ലൈപ് സിഗ് രണ്ടാമത് നില്‍ക്കുന്നു. ഹെര്‍ത്താ ബെര്‍ലിന്‍ 30 ല്‍ മൂന്നാമതും എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 29ല്‍ നാലാമതുമാണ്. ഇനി ക്രിസ്തുമസിന് ശേഷമാണ് ബുണ്ടേല്‍്‌സ് ലീഗില്‍ മല്‍സരങ്ങള്‍.

chandrika: