X

ജയരാജനും ശ്രീമതിയും ഒറ്റപ്പെടുന്നു; കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍

ബന്ധു നിമയന വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജന് മന്ത്രിസഭാ പ്രവേശനം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സി.പി.എം കണ്ണൂര്‍ ലോബിയില്‍ വിള്ളല്‍. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിജിലന്‍സ് കേസില്‍ അന്വേഷണം കഴിയുന്നതോടെ മന്ത്രിസ്ഥാനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ എം.എം മണിയെ മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചതോടെ ഇനി പ്രതീക്ഷവെക്കേണ്ടെന്ന നിലപാടാണ ജയരാജന്‍ അനുകൂലികള്‍ക്കുള്ളത്. കണ്ണൂര്‍ ലോബിയില്‍ തന്നെ ജയരാജനും ശ്രീമതിയും ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞദിവസം മണിയെ മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും പി.കെ ശ്രീമതി ജയരാജന് വേണ്ടി വാദിക്കാന്‍ മുതിര്‍ന്നെങ്കിലും ഇതിന് അവസരം ലഭിച്ചില്ല. മണിയെ മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്റെ എതിര്‍പ്പു ശക്തമായി തന്നെ ജയരാജന്‍ പ്രകടിപ്പിച്ചു.

പാര്‍ട്ടി പറഞ്ഞാല്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് ജയരാജന്‍ അറിയിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള നിരാശയും മന്ത്രിസഭയിലേക്ക് ഇനി പ്രവേശനം ഉണ്ടാകില്ലെന്നതുമാണ് ജയരാജനെ പ്രകോപിപ്പിച്ചത്. എന്നാല്‍ കണ്ണൂരില്‍ നിന്നുള്ള മറ്റുള്ളവര്‍ ജയരാജനെയോ, ശ്രീമതിയെയോ പിന്തുണക്കാന്‍ എത്തിയില്ല. സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും ഇറങ്ങിപോകാന്‍ തുനിഞ്ഞെങ്കിലും ചിലര്‍ അനുനയിപ്പിച്ച് ഇരുത്തുകയായിരുന്നു. യോഗം തീരുന്നതുവരെ മൗനം പാലിച്ചാണ് ജയരാജന്‍ തന്റെ പ്രതിഷേധം അറിയിച്ചത്. പിന്നീട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതുമില്ല.

സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്ന ജയരാജന്‍, തനിക്ക് പറാനുള്ള കാര്യങ്ങള്‍ കമ്മിറ്റിയില്‍ ഉന്നയിക്കാന്‍ ശ്രീമതിയെ നിയോഗിച്ചെങ്കിലും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ അതും അസാധ്യമാക്കി. മറ്റൊരാള്‍ക്ക് വേണ്ടി കമ്മിറ്റിയില്‍ പ്രസംഗിക്കുന്നത് സംഘടനാ രീതിയല്ലെന്നായിരുന്നു കോടിയേരിയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആകട്ടെ, ഇതിലൊന്നും തനിക്ക് കാര്യമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജയരാജനും, ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടി ഉണ്ടാകാനുള്ള സാധ്യത ആരും തളളിക്കളയുന്നില്ല. കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനൈക്യം നിലനിന്നിരുന്നുവെന്നും ഇപ്പോള്‍ അത് പ്രകടമായി എന്ന വ്യത്യാസമേ ഉള്ളൂവെന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സി.പി.എമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ട്

chandrika: