X

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്വത്തു കേസ്; പട്ടിക സുപ്രീംകോടതിക്ക് കൈമാറി

 

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സി.ബി.ഡി.ടി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പേരുവിവരങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതിന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മുഖേന സീല്‍വെച്ച കവറിലാണ് പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം ഇത്തരം കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും ഇഴഞ്ഞുനീങ്ങുന്നതിനാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ 25- 30 വര്‍ഷമായി വീണ്ടും വീണ്ടും അധികാര സ്ഥാനങ്ങളില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിമര്‍ശനം. ലോക്പ്രഹാരി എന്ന സര്‍ക്കാറിതര സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ വിവരങ്ങള്‍ കൈമാറാന്‍ കോടതി കഴിഞ്ഞയാഴ്ച സി.ബി. ഡി.ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ അഞ്ചുവര്‍ഷ ഇടവേളയുണ്ടായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയുന്നില്ല എന്നതോ, രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നതോ ആണ് ഈ പ്രതിഭാസം ആവര്‍ത്തിക്കാന്‍ കാരണം. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേക്കാ ള്‍ 2019ലെ സത്യവാങ്മൂലത്തില്‍ സ്വത്ത് 10 മടങ്ങ് വര്‍ധിച്ചാലും നിങ്ങള്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുന്നില്ല. ആയിരം ശതമാനത്തിന്റെ വര്‍ധന എന്നതിനെ നിസ്സാരമായി കാണാനാവില്ല. അത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംവിധാനം ഉണ്ടായേ തീരൂവെന്നും കോടതി പറഞ്ഞു.
എം.പിയോ എം.എല്‍.എയോ സമര്‍പ്പിച്ച വരുമാനത്തിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിനു മുമ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും- എ.ജി പറഞ്ഞു.
25-30 വര്‍ഷമായി ഈ പ്രതിഭാസം തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നതെന്നും ഇത്ര സമയം പോരേയെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുചോദ്യം. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വല്‍ക്കരണം സംബന്ധിച്ച 1993ലെ എന്‍.എന്‍ വോറ കമ്മിറ്റി റിപ്പോര്‍ട്ടും കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ എം.പിമാരുടേയും എം. എല്‍.എമാരുടേയും വിവരങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടെന്ന് കോടതി ചോദിച്ചു. എം.പിമാരും എം.എല്‍. എമാരും ജനപ്രതിനിധികള്‍ ആണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ ആണ്. പിന്നെ എന്തുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൂട. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിയമപരിരക്ഷ നല്‍കാന്‍ ഒരു കാരണവുമില്ലെന്നും കോടതി പറഞ്ഞു.
വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ വിവേചനം കാണിക്കുന്നതായി ജനപ്രതിനിധികള്‍ പരാതിപ്പെടുമെന്നായിരുന്നു എ.ജിയുടെ വിശദീകരണം. ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിവേചനമാകുമെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ആദായ നികുതി വിവരങ്ങള്‍ അവരുടെ ആസ്തി വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന് മതിയാകില്ലെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു. പേരു പുറത്ത്‌വരരുതെന്ന് ആഗ്രഹിക്കുന്ന കേസുകളില്‍ രാഷ്ട്രീയക്കാരോ ബിസിനസുകാരോ പണം നല്‍കാന്‍ ചെക്ക് ഉപയോഗിക്കില്ലെന്നും ഇത് പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസുകളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.

chandrika: