തിരുവനന്തപുരം: ജനതാദള്‍(എസ്) സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത തീരുമാനവുമായി ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ദാനിഷ് അലി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ഒരു പക്ഷത്തും മാത്യു.ടി തോമസും നീലലോഹിത ദാസും മറുഭാഗത്തും നിന്ന് പോരടിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്ന ഏതാനും നേതാക്കളെ നേരത്തെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വത്തിന്റെ നടപടി മറികടന്ന് അത്തരമൊരു തീരുമാനമെടുത്താല്‍ കൃഷ്ണന്‍ കുട്ടിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മാത്യു.ടി തോമസ് വിഭാഗത്തിന്റെ ആവശ്യം.
മാത്യു.ടി തോമസ് മന്ത്രിയായതിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി നീലലോഹിത ദാസിന് ചുമതല നല്‍കിയിരുന്നു. മന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരു വിഭാഗത്തില്‍ നിന്നായപ്പോള്‍ കൃഷ്ണന്‍കുട്ടി പക്ഷം ദേശീയനേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. മന്ത്രിയാകാനായിരുന്നു കൃഷ്ണന്‍കുട്ടിക്ക് താല്‍പര്യം. എന്നാല്‍ 2016 നവംബറില്‍ സമവായത്തിലൂടെ കൃഷ്ണന്‍ കുട്ടിയെ സംസ്ഥാന പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി തന്നെ അനുകൂലിക്കുന്ന നേതാക്കളെ ഉപയോഗിച്ച് മാത്യു.ടി തോമസിനെതിരെയും നീലനെതിരെയും ഗ്രൂപ്പുപ്രവര്‍ത്തനം ശക്തമാക്കി. പാര്‍ട്ടി നേതൃയോഗത്തില്‍ മന്ത്രിയെ പരസ്യമായി തള്ളിപ്പറയുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ്. ചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ദാനിഷ് അലി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ദേശീയസമിതി അംഗം കൂടിയാണ് ചന്ദ്രകുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് ജമീലാ പ്രകാശത്തെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇദ്ദേഹത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി പക്ഷത്തുനിന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാത്യു.ടി തോമസ് വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ മാത്യു.ടി.തോമസ് വിഭാഗം നേതാവായ അഡ്വ.എസ്. ഫിറോസ്‌ലാലാണ് തിരുവനന്തപുരത്ത് പ്രസിഡന്റ്.
ജനതാദളിന് അനുവദിക്കപ്പെട്ട പല പദവികളും നേതാക്കളുടെ വിഭാഗീയത മൂലം നഷ്ടമാകുന്ന സ്ഥിതിയാണ്. പി.എസ്.സി മെമ്പര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ദേശീയനേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. നീലന്‍ പ്രസിഡന്റായിരിക്കെ തീരുമാനിച്ചയാളിന്റെ പേരുവെട്ടി മറ്റൊരാളെ പി.എസ്.സി അംഗമാക്കാനുള്ള കൃഷ്ണന്‍കുട്ടിയുടെ നീക്കം പൊളിക്കാന്‍ നീലന് ദേവഗൗഡയെ തന്നെ സമീപിക്കേണ്ടിവന്നു.
പാര്‍ട്ടിയിലെ വിഭാഗീയത കാരണം ജനതാദളിന് എല്‍.ഡി.എഫ് അനുവദിച്ച ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പോലും ഇതുവരെ നികത്തിയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ മാത്യു.ടി.തോമസ് മുന്നോട്ടുവെക്കുന്ന പേരുകള്‍ കൃഷ്ണന്‍കുട്ടി അംഗീകരിക്കില്ല. അനുവദിക്കപ്പെട്ട സ്ഥാനങ്ങള്‍ പോലും നേതാക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നീലനാകട്ടെ ദേശീയനേതൃത്വത്തില്‍ സ്വാധീനമുണ്ടെങ്കിലും സംസ്ഥാനത്ത് കൃഷ്ണന്‍കുട്ടിയോട് പോരടിച്ച് നില്‍ക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടുപോകാന്‍ കൃഷ്ണന്‍കുട്ടി തീരുമാനിച്ചാല്‍ ജനതാദളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
ജനതാദളില്‍ വിഭാഗീയത രൂക്ഷം; പോരടിച്ച് മാത്യു.ടി.തോമസും കൃഷ്ണന്‍കുട്ടിയും
Tags: janatha dal