ന്യൂഡല്‍ഹി: ഗുജറാത്തില്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കെട്ട സിബിഐ ജഡ്ജി ബി. എച്ച് ലോയയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. മഹാരാഷ്ട്ര പത്രപ്രവര്‍ത്തകന്‍ ബി. ആര്‍ ലോണി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അടിയന്തിരമായി വാദം കേള്‍ക്കുക. ലോയയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബഞ്ച് അടിന്തര വാദം കേള്‍ക്കാനുള്ള ഹര്‍ജിയില്‍ അനുവാദം നല്‍കുകയായിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, കൂടാതെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. ഈ കേസില്‍ വാദം കേട്ട ശേഷമാണ് ബി. എച്ച് ലോയ മരണപ്പട്ടത്.
2014 ഡിസംബര്‍ ഒന്നിനാണ് ബി. എച്ച് ലോയ മരണപ്പെടുന്നത്. നാഗ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷമുള്ള യാത്രയില്‍ രവിഭവന്‍ എന്ന ഗസ്റ്റ്ഹൗസില്‍ വച്ച് ലോയയ്ക്ക് ഹൃദയാഘാതമുണ്ടാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. ലോയയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, പിന്നീട് ലോയയുടെ മരണത്തില്‍ ദുരൂഹതയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തു വിടുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും ആരോപിച്ചിരുന്നു. 2005ല്‍ ആണ് സോഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസുര്‍ ബി, സഹപ്രവര്‍ത്തകന്‍ തുളസീദാസ് പ്രജാപതി എന്നിവര്‍ ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റിയതോടെയാണ് ബി. എച്ച് ലോയയുടെ മുന്‍പിലെത്തിയത്. ജഡ്ജിയുടെ മരണത്തിലെ ദുരൂഹത ഒഴിവാക്കണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയില്‍ ലോയേഴ്‌സ് അസോസിയേഷനും പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
- 7 years ago
chandrika
Categories:
Video Stories