വികസനത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ള ഒരു ജനത ഒന്നടങ്കം നിലനില്‍പിനു വേണ്ടി നിലവിളിക്കുന്നത് കേള്‍ക്കാതിരിക്കുന്നത് കൊടും ക്രൂരതയാണ്. ഗെയില്‍ വാതകക്കുഴല്‍ പദ്ധതി പ്രദേശങ്ങൡല സമരം എത്രനാള്‍ പിണറായി സര്‍ക്കാറിന് അടിച്ചൊതുക്കാനാകും. ജീവിതപ്പേടിയില്‍ വിഹ്വലതപൂണ്ട ജനതയുടെ വികാരം ഉള്‍ക്കൊള്ളുന്നതിനു പകരം തീവ്രവാദം ആരോപിച്ച് അവരെ അടിച്ചമര്‍ത്തുന്നത് ആപത്കരമാണ്. ജനങ്ങളുടെ സുരക്ഷയിലെ ആശങ്കയും നഷ്ടപരിഹാരത്തിലെ അവ്യക്തതയും അകറ്റാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത അസ്വസ്ഥതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ സമരമായി ഉയര്‍ന്നുവന്നത്. ഗെയില്‍ കടന്നുപോകുന്ന വഴികളിലെല്ലാം കക്ഷിത്വങ്ങള്‍ക്ക് അതീതമായാണ് പ്രതിഷേധം പടര്‍ന്നത്. എല്ലാ മത-ജാതി രാഷ്ട്രീയ വിഭാഗങ്ങളും സമരപ്പന്തലില്‍ ഒരുമിച്ചിരുന്നാണ് നിലനില്‍പിനു വേണ്ടി പോരാട്ടം തുടരുന്നത്. ഇത്തരം ജനകീയ സമരങ്ങളെ ലാത്തിത്തുമ്പില്‍ നിര്‍വീര്യമാക്കാമെന്ന വ്യാമോഹമാണ് പിണറായി സര്‍ക്കാറിന്. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ സമരക്കാരെ നിഷ്ഠൂരമായി തല്ലിച്ചതച്ച്, ഗെയിലിനു ഗുണ്ടാപ്പണി പേറുന്ന പൊലീസുകാരുടെ തിണ്ണബലത്തിലാണ് സര്‍ക്കാര്‍ ഈ കാടത്തത്തിനു കൂട്ടുനില്‍ക്കുന്നത്. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരുമായി അനുരഞ്ജന ചര്‍ച്ചക്കുപോലും തയാറാകാത്ത അധികാരി വര്‍ഗത്തിന്റെ അഹന്ത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യക്ഷമായി തങ്ങള്‍ക്കു പ്രയോജനമില്ലാത്ത ഗെയില്‍ പദ്ധതിയുമായി പൂര്‍ണാര്‍ത്ഥത്തില്‍ സഹകരിക്കാമെന്നു തന്നെയാണ് പ്രദേശത്തുകാരുടെ പക്ഷം, പക്ഷേ, പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നു മാത്രം.
കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പുകള്‍ കടന്നുപോകുന്നു എന്നതാണ് ഏറെ ഭീതിവിതക്കുന്ന കാര്യം. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നു പാലക്കാട് ജില്ലയിലൂടെ ബംഗളൂരുവിലേക്കും കാസര്‍കോട് ജില്ലയിലൂടെ മംഗലാപുരത്തേക്കും വാതകം എത്തിക്കുന്ന പദ്ധതിയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെടുന്നത്. പദ്ധതി പ്രകാരം 1114 കി.മീ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ 500 കി.മീറ്റും കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. സാറ്റലൈറ്റ് സര്‍വെയിലൂടെ കണ്ടെത്തിയ പ്രദേശങ്ങളില്‍ സ്ഥലമുടമകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഗെയില്‍ അധികൃതര്‍ അധികാരം സ്ഥാപിച്ചത്. ശക്തമായ ചെറുത്തുനില്‍പ്പുകള്‍ പൊലീസിനെ ഉപയോഗിച്ച് മറികടന്നാണ് മാര്‍ക്കിട്ടത്. ഇവിടങ്ങളിലാണ് ഇപ്പോള്‍ മരങ്ങള്‍ മുറിച്ചും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും ഗെയില്‍ കുഴിയെടുക്കുന്നത്. 3700 കോടി രൂപ ചെലവില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയില്‍) കേരള വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ പ്രദേശങ്ങളില്‍ ഏറിയ പങ്കും ഇങ്ങനെ പിടിച്ചുപറിച്ച് കൈവശപ്പെടുത്തിയതാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒപ്പുവച്ച കരാറായതിനാല്‍ എല്ലാ എതിര്‍പ്പുകളെയും മറികടക്കാമെന്നാണ് ഗെയിലിന്റെ ആത്മവിശ്വാസം. ഇക്കാരണത്താലാണ് ഇരകളുടെ രോദനം കേള്‍ക്കാനോ അവരുമായി അനുരഞ്ജന ചര്‍ച്ച നടത്താനോ അധികൃതര്‍ തയാറാകാത്തത്.
മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എല്‍.എന്‍.ജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. പുതുവൈപ്പിനില്‍ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു (കെ.കെ.എം.ബി) പദ്ധതിക്കു വേണ്ടിയാണ് നിലവില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. കായംകുളം താപവൈദ്യുത നിലയത്തിലേക്കുള്ള പൈപ്പ് ലൈന്‍ പദ്ധതിയാണ് മൂന്നാംഘട്ടം. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി എല്‍.എന്‍.ജി (ലിക്വുഫൈഡ് നാച്വറര്‍ ഗ്യാസ്) ആണ് കൊച്ചിയിലെ ടെര്‍മിനലില്‍ നിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബംഗളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നത്. ഇത് പാചക വാതകമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗെയില്‍ അധികൃതര്‍ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ സ്ഥലമുടമകളെ ആശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ മംഗലാപുരം റിഫൈനറി ആന്റ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (എം.ആര്‍.പി.എല്‍), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലിമിറ്റഡ് (കെ.ഐ.ഒ.സി.എല്‍), മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡ് എന്നീ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് നിര്‍ദിഷ്ട ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി.
പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കാത്ത പദ്ധതിക്കു വേണ്ടി നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്ഥലമെടുപ്പ് നടത്തുന്നത് എങ്ങനെ നീതീകരിക്കാനാവും? ജനവാസ മേഖലയിലൂടെയൊ ഭാവിയില്‍ ജനവാസ പ്രദേശമാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയൊ വാതക പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് 1962ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍ അക്വസിഷന്‍ റൈറ്റ് ഓഫ് യൂസ് ഇന്‍ ലാന്റ് (പി.എം.പി) ആക്ടിലെ സെക്ഷന്‍ 7 എ,ബി,സി വകുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ വ്യവസ്ഥകളുടെ നഗ്ന ലംഘനമാണ് ഗെയില്‍ തുടര്‍ന്നുവരുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നത് എന്ത് അര്‍ത്ഥത്തിലാണ്? കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ആധാര വിലയിലും പത്ത് ശതമാനം മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നത്. മാത്രമല്ല, പൈപ്പ്‌ലൈനിന്റെ സുരക്ഷ സ്ഥലമുടമയുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു. ഏറ്റെടുത്ത ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ മറ്റു നിര്‍മാണ പ്രവൃത്തികള്‍ നടത്താനോ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വേരിറങ്ങാത്ത പച്ചക്കറി കൃഷിക്കു മാത്രമെ സ്ഥലം ഉപയോഗിക്കാന്‍ അവകാശമുള്ളൂ. കടലിലൂടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് കോര്‍പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള ആര്‍ത്തിയും കാരണം പാവപ്പെട്ട ജനതയുടെ നെഞ്ചകം പിളര്‍ത്തി കൊണ്ടുപോകുന്നത്.
പച്ചയായ നിയമലംഘനത്തിലൂടെ ഭൂവുടമകളെ വെല്ലുവളിച്ച് സ്ഥലം കയ്യേറുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് കഴിഞ്ഞ ദിവസം മുക്കത്തും എരഞ്ഞിമാവിലും മരവട്ടത്തും കണ്ടത്. ഇതിനെ വികസന വിരുദ്ധതയായി വ്യാഖ്യാനിക്കേണ്ടതില്ല. അടിസ്ഥാന-പശ്ചാത്തല സൗകര്യങ്ങള്‍ക്കായി സ്വന്തം ഭൂമി സര്‍ക്കാറിന് ദാനം നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടി പോരാടുന്നത്. മുമ്പ് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരില്‍ ചിലര്‍ അധികാരത്തിന്റെ മത്തില്‍ വന്ധീകരിക്കപ്പെട്ടുവെന്നു മാത്രം. അത്തരക്കാര്‍ മറുകണ്ടം ചാടി ഗെയില്‍ കുത്തക മുതലാളിമാര്‍ക്കും സര്‍ക്കാറിനും ഓശാന പാടുന്നത് നാണക്കേടാണ്. എന്നാല്‍ അക്കൂട്ടത്തില്‍ അന്തസും ആഭിജാത്യവുമുള്ളവര്‍ പോര്‍ക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല എന്നതിന്റെ നേര്‍ച്ചിത്രമാണ് എരഞ്ഞിമാവിലെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി കടന്നെത്തിയ സഖാക്കള്‍ വരച്ചുകാട്ടിയത്. സമരക്കാരെ ചോരയില്‍ മുക്കി ഗെയില്‍ അധികൃതര്‍ വാതകക്കുഴലിന് കുഴിയെടുക്കുമ്പോള്‍ അത് സ്വന്തം കുഴിതോണ്ടുകയാണെന്ന സത്യം സര്‍ക്കാര്‍ ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്ന്.
- 7 years ago
chandrika
Categories:
Video Stories