ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അവരുടെ കളിമുറ്റത്ത് മുട്ടുകുത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം തുടരുന്നു. കളിയുടെ എല്ലാ മേഖലകളിലും ആതിഥേയരെ പിന്നിലാക്കിയ സിറ്റി 67-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്‌നെ നേടിയ ഗോളിലാണ് സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. പരിശീകലനെന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോള സ്റ്റാംഫഡ് ബ്രിഡ്ജില്‍ നേടിയ ആദ്യ വിജയമാണിത്. മറ്റൊരു മത്സരത്തില്‍ നാച്ചോ മോണ്‍റിയല്‍, അലക്‌സ് ഇവോബി എന്നിവരുടെ ഗോളില്‍ ബ്രൈറ്റന്‍ ആന്റ് ഹോവ് ആല്‍ബിയോണിനെ വീഴ്ത്തി ആര്‍സനല്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍ലിയെ നേരിട്ട എവര്‍ട്ടന്‍ സീസണിലെ നാലാം പരാജയം ഏറ്റുവാങ്ങി.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ എതിരാളികള്‍ക്ക് നിലയുറപ്പിക്കാന്‍ ഇടനല്‍കാതെയുള്ള ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചാണ് അര്‍ഹിച്ച വിജയം പിടിച്ചെടുത്തത്. അതിവേഗ ഫുട്‌ബോളുമായി കളംനിറഞ്ഞ സിറ്റി പലതവണ ഗോളിനടുത്തെത്തിയെങ്കിലും പ്രതിരോധത്തിന്റെ മികവില്‍ ഒരു മണിക്കൂറിലധികം സമയം ഗോള്‍ വഴങ്ങാതെ ചെല്‍സി പിടിച്ചു നിന്നു. ആക്രമണത്തിലെ പ്രധാനിയായ അല്‍വാരോ മൊറാട്ട 37-ാം മിനുട്ടില്‍ പരിക്കു കാരണം കളംവിട്ടത് നീലപ്പടക്ക് ക്ഷീണമായപ്പോള്‍, സെര്‍ജിയോ അഗ്വേറോയുടെ അഭാവത്തില്‍ ആക്രമണം നയിച്ച ലിറോയ് സാനെ – ഗബ്രിയേല്‍ ജീസസ് – റഹീം സ്റ്റര്‍ലിങ് ത്രയം ആതിഥേയര്‍ക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിച്ചു.
67-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസില്‍ നിന്ന് റിട്ടേണ്‍ പാസ് സ്വീകരിച്ച ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചറിലൂടെയാണ് ഡിബ്രുയ്‌നെ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. ആേ്രന്ദ ക്രിസ്റ്റിയന്‍സന്‍ നയിച്ച പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ അസാമാന്യ പ്രകടനവും ചെല്‍സിയെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചു.
17-ാം മിനുട്ടില്‍ ബോക്‌സിലെ അനിശ്ചിതത്വത്തിനിടെ ആര്‍സനലിന്റെ മൂന്നാം ശ്രമത്തിനിടെയാണ് മോണ്‍റിയല്‍ ആദ്യ ഗോള്‍ നേടിയത്. 56-ാം മിനുട്ടില്‍ പ്രതിരോധം ഭേദിച്ച വണ്‍ടച്ച് പാസുകള്‍ക്കൊടുവില്‍ അലക്‌സി സാഞ്ചസിന്റെ ബാക്ക്ഹീല്‍ പാസ് സ്വീകരിച്ച് അലക്‌സ് ഇവോബി പട്ടിക പൂര്‍ത്തിയാക്കി.
ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും യുനൈറ്റഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 14 പോയിന്റോടെ ടോട്ടനം ഹോട്‌സ്പര്‍ നാലും 13 പോയിന്റോടെ ചെല്‍സി, ആര്‍സനല്‍ ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുമാണ്.