X

ചിന്തകളെ ജ്വലിപ്പിച്ച തൂലിക


പി.കെ കുഞ്ഞാലിക്കുട്ടി എം.പി


എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്‍ അവകാശബോധം ഉണര്‍ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്‍മയില്‍ വരികയാണ്. 1973 ലാണ് അത്. ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ബിരുദ വിദ്യാര്‍ഥിയാണ്. കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചാര്‍ജും വഹിക്കുന്നു. അത്തരം ഒരു സന്ദര്‍ഭത്തിലാണ് പി.പി കമ്മു സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘം ഉത്തര മലബാറില്‍ ഒരു പര്യടനത്തിന് എത്തുന്നത്. കണ്ണൂരില്‍ എത്തിയ മലപ്പുറത്തുകാര്‍ എന്ന നിലക്ക് കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കാന്‍ സന്ദര്‍ഭമുണ്ടായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാപ്പിളനാട് ദൈ്വവാരികയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അവര്‍.
മലപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മാപ്പിളനാട് കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. മുസ്്‌ലിം സമുദായത്തിലും മുസ്്‌ലിംലീഗിലും സ്വയം വിമര്‍ശനങ്ങള്‍ക്ക് ചൂട് പകര്‍ന്നിരുന്ന വാരിക. മാപ്പിളനാടില്‍ വരുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും അതിനിശിതമായ വിമര്‍ശനങ്ങളും ചിലപ്പോഴൊക്കെ പ്രകോപനപരവുമായിരുന്നു. ഇന്നത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേതുപോലുള്ള അതിരറ്റ വിമര്‍ശനങ്ങള്‍ പോലും വരുമായിരുന്നു ചില ഘട്ടത്തില്‍. പാര്‍ട്ടിക്കകത്തെ വിപ്ലവ ചിന്തകളും മാപ്പിളനാടില്‍ പ്രതിഫലിച്ചു.
രൂക്ഷമായ വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്മാരുടെ അപ്രിയത്തിന് കാരണമായി. മുസ്‌ലിംലീഗിലെ ഭിന്നിപ്പിന് തൊട്ടുമുമ്പുള്ള കാലമാണ്. പില്‍ക്കാലത്ത് പിളര്‍പ്പിനിടയാക്കിയ പല കാരണങ്ങളെയും മുന്‍കൂര്‍ വിശകലന വിധേയമാക്കി കൊണ്ടുള്ള ചൂടേറിയ ചര്‍ച്ചക്ക് മാപ്പിളനാട് വേദിയായി.
മാപ്പിളനാടും അതിലെ എഴുത്തുകാരും ജനശ്രദ്ധയില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ കാലത്താണ് പി.പി കമ്മു സാഹിബും റഹീം മേച്ചേരിയും എം.ഐ തങ്ങളും കണ്ണൂരിലെ പര്യടനത്തിന് എത്തുന്നത്.
സ്വാഭാവികമായും നാട്ടുകാരെന്ന നിലയില്‍കൂടി അവരോടൊപ്പം അവിഭക്ത കണ്ണൂര്‍ ജില്ലയിലെങ്ങും പര്യടനത്തിനുപോയി. ആ പര്യടനം തന്നെ ചില വിവാദങ്ങള്‍ക്ക് വഴിവെച്ചു. എം.ഐ തങ്ങളുമായും സൗഹൃദം ഉടലെടുത്തത് തന്നെ ഇത്തരമൊരു ചൂടേറിയ അനുഭവ പശ്ചാത്തലത്തിലാണ്. ആ സഹയാത്രതൊട്ട് എം.ഐ തങ്ങളില്‍ നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് ബോധ്യമായി. എം.ഐ തങ്ങളുടെ പഠന ക്ലാസുകള്‍ തേടിപ്പിടിച്ച് പങ്കെടുത്തു. ഗഹനമായ ആ പഠനങ്ങളിലും വിഷയാവതരണ ശൈലിയിലും ആകൃഷ്ടനായി. അത് കൂടുതല്‍ അടുത്ത സൗഹൃദമായി വളര്‍ന്നു. പില്‍ക്കാലത്ത് പൊതുരംഗത്ത് സജീവമായപ്പോള്‍ എം.ഐ തങ്ങള്‍ വലിയ സ്വാധീനമായി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പൊതുപ്രവര്‍ത്തനത്തില്‍ ഏറെ പ്രയോജനകരമായി.
1991 ലെ യു.ഡി.എഫ് സര്‍ക്കാറില്‍ പങ്കാളികളായപ്പോള്‍ പല ഗൗരവതരമായ വിഷയങ്ങളിലും എം.ഐ തങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനായി എം.ഐ തങ്ങളും മറ്റു എഴുത്തുകാരും ഉള്‍പ്പെടുന്ന കൂടിക്കാഴ്ചകള്‍ നടക്കും. പല വിഷയങ്ങളിലും സ്ഥൈര്യമുള്ള നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എം.ഐ തങ്ങള്‍ ഇടപെട്ടിരുന്നത്. ചരിത്രം ഉദ്ധരിച്ചും ആദ്യകാല നേതാക്കളുടെ നയനിലപാടുകള്‍ ചൂണ്ടിക്കാട്ടിയും അദ്ദേഹം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ വെളിച്ചമായിരുന്നു.
വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഴത്തില്‍ പഠിച്ചായിരുന്നു അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നതും നിലപാടുകള്‍ സ്വീകരിച്ചിരുന്നതും. മുസ്‌ലിംലീഗിന്റെ നയനിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു എം.ഐ തങ്ങള്‍.
വിവിധ വീക്ഷണ ഗതികളോടുള്ള സമീപനത്തെക്കുറിച്ച് എം.ഐ തങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തില്‍ നിന്നുള്ള എല്ലാ അഭിപ്രായഗതികളും ഒരുമിച്ചിരുന്ന് പൊതുലക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദിയായിരിക്കണം മുസ്്‌ലിംലീഗ് എന്ന് അദ്ദേഹം എപ്പോഴും പറയും. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയിരിക്കണം മുസ്്‌ലിംലീഗ് എന്നതായിരുന്നു ആ നിലപാട്. മാപ്പിള നാടിലെ പത്രപ്രവര്‍ത്തനത്തിന്‌ശേഷം ചന്ദ്രികയുടെ പത്രാധിപസമിതിയില്‍ അംഗമായപ്പോഴും പിന്നീട് പത്രാധിപരായിരുന്നപ്പോഴും സമൂഹത്തിന്റെ ശാക്തീകരണത്തിനും പത്രത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ തൂലികയും കാഴ്ചപ്പാടുകളും ഫലപ്രദമായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും വലിയ അറിവുകള്‍ പ്രദാനം ചെയ്തു.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം എം.ഐ തങ്ങളുടെ ചിന്തയും തൂലികയും അര്‍പ്പിച്ച സേവനം അമൂല്യമാണ്.
മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും മുസ്‌ലിംലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നാരും തര്‍ക്കമില്ലാത്തവിധം സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കും ഒരു ഉത്തമ സമൂഹത്തിന്റെ രൂപീകരണത്തിനും മുസ്‌ലിംലീഗ് പ്രയോഗവത്കരിച്ച ആശയസംഹിത വളരെ പ്രധാനമാണ്. അതുകൊണ്ട്തന്നെ ഇതര സംഘടനകള്‍ പലതിനും ശോഷണം സംഭവിച്ചപ്പോഴും മുസ്‌ലിംലീഗ് വലിയ സ്വീകാര്യതയോടെ നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ ഈ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളില്‍ എം.ഐ തങ്ങള്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. അദ്ദേഹം നിശബ്ദമായി സംഘടനയെ സേവിച്ചു. അധികാര സ്ഥാനങ്ങള്‍ ആഗ്രഹിക്കാതെ സംഘടനാരംഗത്ത് ഒതുങ്ങിനിന്ന് അച്ചടക്കമുള്ള പ്രവര്‍ത്തകനായി സേവനം ചെയ്തു. സ്ഥാനമാനങ്ങള്‍ ഒരിക്കലും വലിയ കാര്യമായി കണക്കാക്കിയില്ല അദ്ദേഹം. പാര്‍ട്ടി പദവികള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എം.ഐ തങ്ങള്‍ തന്റെ സേവനങ്ങള്‍ ഒരേ ശക്തിയോടെ സംഘടനക്ക് നല്‍കി. ഓരോ മുസ്‌ലിംലീഗുകാരന്റെയും മനസ്സില്‍ എം.ഐ തങ്ങള്‍ ഉണര്‍ത്തിവിട്ട ചിന്തയും ആ സാന്നിധ്യവും മായാതെ നിലനില്‍ക്കും.

web desk 1: