ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ കൂടി ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച ഒരാളും ഇന്നലെ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. മലേറിയ ബാധിച്ച് രണ്ടുപേരും കഴിഞ്ഞദിവസം മരിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
അതേസമയം കേന്ദ്രസര്‍ക്കാറാണ് ഇതില്‍ ഉത്തരവാദിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിന്റെ വാദം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദിക്കണമെന്നും അവര്‍ക്കാണ് ഇപ്പോള്‍ അധികാരമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെജ്്‌രിവാളിന്റെ മറുപടി.
മുഖ്യമന്ത്രിക്കോ സംസ്ഥാന മന്ത്രിസഭക്കോ ഇപ്പോള്‍ ഒരു അധികാരവുമില്ല, സ്വന്തമായി ഒരു പേന വാങ്ങാന്‍ പോലും. ലഫ്റ്റനന്റ് ഗവര്‍ണറും പ്രധാനമന്ത്രിയുമാണ് എല്ലാ അധികാരങ്ങളും കൈയാളുന്നത്. അവരെയാണ് ചോദ്യം ചെയ്യേണ്ടത്- പിന്നീട് ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലും കെജ്്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് കെജ്‌രിവാളിന്റെ വാക്കുകള്‍. ഡല്‍ഹി കേന്ദ്ര ഭരണ പ്രദേശമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ഭരണത്തലവനെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് കെജ്്‌രിവാളിന്റെ പരാമര്‍ശം.
അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കരുവാക്കുകയാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചാബിലായിരുന്ന കെജ്‌രിവാള്‍ തിങ്കളാഴ്ച മാത്രമാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. തൊണ്ടവേദനക്ക് ഓപ്പറേഷനു വിധേയമാകാന്‍ ഇന്ന് ബംഗളൂരുവിലേക്ക് തിരിക്കും.