ന്യൂഡല്‍ഹി: ചിക്കന്‍ഗുനിയ വന്നാല്‍ ആരും മരിക്കില്ലെന്ന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. എന്നാല്‍ ഇത് തന്റെ സ്വന്തം അഭിപ്രായമല്ലെന്നും ഗൂഗിളിലുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ ചിക്കന്‍ഗുനിയ ബാധിച്ച് മരിച്ച അഞ്ചുപേരില്‍ നാലുപേരും ഒരേ ആസ്പത്രിയില്‍ ചികില്‍സ തേടിയവരാണെന്നും ഇത് പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗം ഉറപ്പുവരുത്താതെ ആരും തന്നെ ആസ്പത്രിയില്‍ അഡ്മിറ്റാകരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മരിച്ചവരില്‍ തന്നെ മിക്കവരും പ്രായമേറിയവരും മറ്റ് രോഗങ്ങളുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അനാവശ്യമായി ഭയപ്പെടരുത്. രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആസ്പത്രിയില്‍ പോകാന്‍ മടിക്കരുത്. രോഗം തടയാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.