ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണ്.
അതുകൊണ്ടു തന്നെ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം സഭയില്‍ വേണം. പ്രതിപക്ഷത്തിന് പറയാനുള്ളത് പ്രധാനമന്ത്രി കേള്‍ക്കണം. ആശങ്കകള്‍ക്ക് മറുപടി നല്‍കണം. പ്രധാനമന്ത്രി വരും വരെ ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞു. ബി.ജെ.പി എല്ലാം സ്വന്തം ഇഷ്ടത്തിന് ചെയ്യുകയാണ്. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ലോക്‌സഭയില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഗുലാംനബി അസാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടേയോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിനിധിയുടേയോ സാന്നിധ്യത്തില്‍ ചര്‍ച്ചയാവാമെന്നും പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കണമെന്നില്ലെന്നും വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നോട്ട് വിഷത്തില്‍ ഉയര്‍ത്തിയ പ്രതിഷേധം തിരിച്ചടിയാകുമെന്ന് കണ്ടതോടെ തലയൂരാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് പുതിയ ആവശ്യമെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.