മാഡ്രിഡ്: പരിശീലകന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡാണ് സൈനുദ്ദീന്‍ സിദാന്റേത്. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ അമരക്കാരനായിട്ട് അദ്ദേഹം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെ തന്നെ രണ്ട് തവണ റയലിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാക്കി മാറ്റി. രണ്ട് തവണ ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. 2017 ല്‍ ലാലീഗ കിരീടം നേടി. കിംഗ്‌സ് കപ്പിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ജേതാക്കളായി. ഓരോ 111 ദിവസത്തിലും കിരീടം നേടുന്ന കോച്ചെന്ന് അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഇന്ന് അദ്ദേഹത്തിന് മറ്റൊരു ഫൈനല്‍. കിരീടം നേടിയാല്‍ തുടര്‍ച്ചായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് പരിശീലകന്‍ എന്ന മെഗാ റെക്കോര്‍ഡ്
ഇന്ന് തോറ്റാലോ…? സീസണില്‍ കിരീടമില്ലാത്ത കോച്ച് എന്ന അപഖ്യാതി. റയലിലെ പരിശീലക സ്ഥാനം എപ്പോഴും വെല്ലുവിളിയാണ്. 1994 ന് ശേഷമുള്ള കണക്കെടുത്താല്‍ 23 തവണ അവര്‍ പരിശീലകരെ മാറ്റി. സിദാനാണ് തമ്മില്‍ ഭേദം-അഥവാ കൂടുതല്‍ കാലം പരിശീലകനായി തുടരുന്നത്. ഇന്ന് നടക്കുന്ന ഫൈനല്‍ സിദാന് കീഴില്‍ റയല്‍ കളിക്കുന്ന 148-ാമത്തെ മല്‍സരമാണ്. സിദാന്റെ പ്രധാന കരുത്ത് താരങ്ങളുടെ വിശ്വാസമാണ്. കൃസ്റ്റിയാനോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം അദ്ദേഹം വേണമെന്ന ശക്തമായ നിലപാടുകാരാണ്. സിദാന്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ അനുഭവസമ്പന്നനായതിനാല്‍ അദ്ദേഹത്തിന് ഗെയിമിനെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടെന്ന സത്യം കളിക്കാര്‍ തിരിച്ചറിയുന്നുണ്ട്. ലോക ക്ലബ് ഫുട്‌ബോളിലെ കരുത്തരെ മറികടന്നാണ് അവര്‍ ഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മന്‍ പ്രബലരായ ബൊറൂഷ്യ ഡോര്‍ട്ടുമണ്ട്, ടോട്ടനം, പ്രി ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിച്ച പി.എസ്.ജി, ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിയാന്‍ ലുക്കാ ബഫണിന്റെ യുവന്തസ്, സെമിയിലോ ശക്തരായ ബയേണ്‍ മ്യൂണിച്ചിനെയും. ഈ പ്രതിയോഗികളെ താരതമ്യം ചെയ്യുമ്പോള്‍ ലിവര്‍പൂള്‍ ദുര്‍ബലരാണ്. പക്ഷേ സിദാന്‍ പറയുന്നു-അത്തരത്തില്‍ കാര്യങ്ങള്‍ കാണുന്നില്ലെന്ന്. പക്ഷേ വിജയം അദ്ദേഹത്തിന് നിര്‍ബന്ധമാണ്-പുതിയ സീസണ് കരുത്തോടെ ഒരുങ്ങാന്‍.