X
    Categories: NewsSports

ചരിത്രത്തിലേക്കിന്ന് ഗോകുലം കിക്ക്‌

കൊല്‍ക്കത്ത: ഗോകുലം കേരള ഇന്ന് ഐ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കളത്തിലിറങ്ങുന്നു. ഇന്നത്തെ മത്സരത്തില്‍ സമനില മാത്രം നേടിയാല്‍ ഗോകുലത്തിന് ഐ ലീഗ് കിരീടവും റെക്കോര്‍ഡുകളും സ്വന്തമാക്കാം. ശ്രീനിധി ഡക്കാന്‍ എഫ്.സിയാണ് പ്രതിയോഗികള്‍. ലീഗില്‍ ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-1 സ്‌കോറിന് ഗോകുലത്തിനൊപ്പമായിരുന്നു വിജയം.

പരുക്ക് മാറിയ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ആദ്യ ഇലവനില്‍ എത്തും. പരുക്കിന്റെപിടിയിലായിരുന്ന ലൂക്ക മെയ്‌സനും തിരിച്ചെത്തിയിട്ടുണ്ട്. മെയ്‌സന്‍ ആദ്യ ഇലവനിലെത്തില്ലെങ്കിലും ബെഞ്ചിലുണ്ടാവും. ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഒരുപിടി റെക്കോര്‍ഡുകളും ഗോകുലത്തിന് സ്വന്തമാക്കാം. ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ അപരാജിത മത്സരം പൂര്‍ത്തിയാക്കാന്‍ ഗോകുലത്തിനാകും. 21 മത്സരത്തില്‍ ഗോകുലം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.

ഇന്നത്തെ മത്സരത്തില്‍ കൂടി തോല്‍ക്കാതിരുന്നാല്‍ ഇത് 22 ആക്കി ഉയര്‍ത്താന്‍ മലബാറിയന്‍സിന് കഴിയും. 2021ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേയായിരുന്നു ഗോകുലം ഐ ലീഗില്‍ അവസാനമായി പരാജയപ്പെട്ടത്. സമനില നേടി കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞാലും ഗോകുലത്തിന് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. ആദ്യമായാണ് ഒരു ടീം തോല്‍വി അറിയാതെ ഐ ലീഗ് കിരീടം നിലനിര്‍ത്തുന്നത്. അടുത്ത രണ്ട് മത്സരത്തിലും തോല്‍ക്കാതിരിക്കുന്നാല്‍ ഒരു സീസണില്‍ തോല്‍വി അറിയാത്ത ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാകും. രാത്രി എട്ടിന് നേതാജി സ്‌റ്റേഡിയത്തിലാണ് മത്സരം.

Chandrika Web: