X

ചന്ദ്രയാന്‍ 2; ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ബംഗളൂരു: രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഓര്‍ബിറ്ററിലെ സൂക്ഷ്മ ക്യാമറകള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ച് ഓര്‍ബിറ്റര്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്‍.സി) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവ ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്.

2019 സെപ്തംബര്‍ അഞ്ചിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായിരുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്റു ചെയ്യുന്നതിന് തൊട്ടു മുമ്പ് ഭൂമിയിലെ കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ലക്ഷ്യം തെറ്റി പതിക്കുകയും ചെയ്തിരുന്നു. വിക്രം ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് നിശ്ചയിച്ചിരുന്നത് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്ന ദക്ഷിണ ധ്രുവ ഭാഗത്തായിരുന്നു. ഒന്നു മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരമുള്ള പാറക്കല്ലുകളും അഞ്ച് മീറ്റര്‍ വരെ ആഴമുള്ള ഗര്‍ത്തങ്ങളും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവ ചിത്രങ്ങളും അടുത്തിടെ പുറത്തുവിട്ടിരുന്നു. ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സഹായകമാകുമെന്ന നിഗമനത്തിലാണ് ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങള്‍.

chandrika: