X

ഗോരക്ഷക ഗുണ്ടകള്‍ക്കെതിരെ നടപടിഎടുക്കേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്രം

Parliament house in New Delhi on July 24th 2015. Express photo by Ravi Kanojia.

 

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും ഒരു തരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വ്യക്തമാക്കി. ഗോരക്ഷക ഗുണ്ടകള്‍ പല സംസ്ഥാനങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു സോളിസിറ്റര്‍ ജനറല്‍.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നേരത്തേ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം വ്യാപകമായ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് ഒരു മാസത്തിനകം ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അതേസമയം വിഷയത്തില്‍ നിന്ന് കൈകഴുകാനുള്ള കേന്ദ്രത്തിന്റെ നടപടിയെ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ചോദ്യം ചെയ്തു. ക്രമസമാധാനം ഉറപ്പാക്കുക എന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും ഗോരക്ഷാ ഗുണ്ടകളെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ ഒരു സംസ്ഥാനത്തും ഒരു തരത്തിലുള്ള ഗോരക്ഷാ പ്രവര്‍ത്തനവും നിയമപരമായി അനുവദിച്ചിട്ടില്ലെന്നും വിഷയം കഴിഞ്ഞദിവസം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം അറിയിച്ചു. ഹര്‍ജി സെപ്തംബര്‍ ആറിന് വീണ്ടും പരിഗണിക്കും.

chandrika: