ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ ഇന്ന് ആവേശപ്പൂരത്തിന് തുടക്കം. ലോക ക്രിക്കറ്റിലെ 10 മുന്‍ നിര ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. 25,000 കാണികളെ ഉള്‍ക്കൊള്ളുന്ന മൈതാനത്ത് ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ജൂലൈ 14 വരെ നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് കാര്‍ണിവെല്ലില്‍ കലാശപ്പോരാട്ടമടക്കം 48 മത്സരങ്ങളാണുള്ളത്.
10 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളാണ് കളിക്കുക. ഇതില്‍ കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകളാണ് സെമി ഫൈനലില്‍ ഇടം നേടുക. ഇംഗ്ലണ്ടിലും വെയില്‍സിലുമായി 11 വേദികളാണ് ലോകകപ്പിനായി ഒരുക്കിയിട്ടുള്ളത്. ജൂലൈ ഒമ്പതിനും 11നുമാണ് സെമിഫൈനല്‍ മത്സരം നടക്കുക. 14ന് ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്‌സ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം. ക്രിക്കറ്റിന്റെ തുടക്കക്കാരെങ്കിലും ഏകദിന കിരീടം ഇപ്പോഴും അകലത്തിലായ ആതിഥേയരായ ഇംഗ്ലണ്ട്, 1983ന്റെ ഓര്‍മയില്‍ കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുന്ന കോലിയുടെ ഇന്ത്യ, ദൗര്‍ഭാഗ്യ ടീമെന്ന അപഖ്യാതി മാറ്റാന്‍ ദക്ഷിണാഫ്രിക്ക എന്നിവ എത്തുമ്പോള്‍ നിലവിലെ കിരീടം നിലനിര്‍ത്താനായാവും ഓസ്‌ട്രേലിയയുടെ ശ്രമം. 2015ലെ തോല്‍വിക്ക് പകരം വീട്ടാന്‍ ന്യൂസിലന്‍ഡും പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാത്ത പാകിസ്താനും ബംഗ്ലാദേശും ഐ.പി.എല്‍ അടക്കം വിവിധ രാജ്യങ്ങളിലെ ടി 20 ക്രിക്കറ്റ് ലീഗുകളില്‍ അരങ്ങുവാഴുന്ന ഒരുപിടി താരങ്ങളുമായി അഫ്ഗാനിസ്ഥാനും ആരേയും മറിച്ചിടാന്‍ പ്രാപ്തരായ ബംഗ്ലാദേശും, വെസ്റ്റിന്‍ഡീസും കളത്തിലിറങ്ങുമ്പോള്‍ ലോകകപ്പ് ഇത്തവണ ആരെ തുണക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. അടുത്ത മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകം ഉറ്റു നോക്കുന്ന ഇന്ത്യ-പാക് പോരാട്ടം 16നാണ്. കാര്യങ്ങള്‍ ഇവ്വിധമാണെങ്കിലും ഇടക്കിടെ വിരുന്നു വരുന്ന മഴ രസം കൊല്ലിയാകുമോ എന്ന ആശങ്ക അവശേഷിക്കുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ മത്സരം സംപ്രേഷണം ചെയ്യുന്നത്.
ഗെറ്റ് റെഡി… ഇനി ക്രിക്കറ്റ് പൂര നാളുകള്‍
Tags: cricket world cupsports