X

ഗുജറാത്തില്‍ ലീഗ് ഉണ്ടായിരുന്നെങ്കില്‍ കലാപമുണ്ടാകുമായിരുന്നില്ല: ഗുജറാത്ത് മുന്‍ ഡി.ജി.പി

തിരൂരങ്ങാടി: കേരളത്തിലെ മുസ്‌ലിം ലീഗ് പോലോത്ത ഒരു പാര്‍ട്ടി ഗുജറാത്തിലുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് കലാപമുണ്ടാകുമായിരുന്നില്ലെന്ന് കലാപ കാലത്തെ ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍ ഐ.പി.എസ് പറഞ്ഞു. മണ്ണും മനസ്സും ചരിത്രത്തില്‍ തിരൂരങ്ങാടി എന്ന ശീര്‍ഷകത്തില്‍ തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കപ്പെടുന്ന രാജ്യത്ത് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ പ്രസക്തിയുണ്ട്. ഒരു കാലത്ത് ഗുജറാത്ത് സംസ്ഥാനത്ത് ഒതുങ്ങിയിരുന്ന മോദിഭയം ഇന്ന് രാജ്യത്തെമ്പാടും വ്യാപിച്ചിരിക്കയാണ്. ഏത് നിമിഷവും ന്യൂനപക്ഷം ആക്രമിക്കപ്പെടുമെന്ന ഭീതി. മോദി ഭരിച്ചിരുന്ന ഗുജറാത്തിലും ഇതായിരുന്നു അവസ്ഥ. ഗുജറാത്തില്‍ കലാപമുണ്ടായ സമയത്ത് അവിടെ നിന്നും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ആളില്ലാതെ പോയി. കേരളത്തിലെ മുസ്‌ലിം ജനസംഖ്യ ഗുജറാത്തിനേക്കാള്‍ കുറവായിട്ടുപോലും സംഘ ശക്തി ഭരണ കര്‍ത്താക്കള്‍ അംഗീകരിക്കുന്നു. ഇത് മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തി തന്നെയാണ്. ഈ പാര്‍ട്ടി രാജ്യത്ത് വളരേണ്ടത് രാജ്യ നന്മക്കാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍ കോഡ് ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തരം മതങ്ങളും ഭാഷകളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യാ രാജ്യത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നതാണ് ഏക സിവില്‍ കോഡെന്നും ദൈവത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മനുഷ്യര്‍ക്ക് കഴിയില്ല. അത്തരം നീക്കത്തെ മുസ്‌ലിം ലീഗ് ശക്തമായി എതിര്‍ക്കുമെന്നും എം.പി പറഞ്ഞു.

സെമിനാര്‍ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഫവാസ് പനയത്തില്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

chandrika: