X

ഗാബയുടെ മനസുകീഴടക്കി പാകിസ്താന്‍

ഗാബ: ജയിച്ചത് ഓസ്‌ട്രേലിയ തന്നെ, പക്ഷെ ഗാബയുടെ മനസ്.. അത് പാകിസ്താന്‍ സ്വന്തമാക്കി. പരാജയത്തിലും തലയുയര്‍ത്തിപ്പിടിച്ചു തന്നെ പാക് താരങ്ങള്‍ മടങ്ങി. രണ്ടാം ടെസ്റ്റില്‍ വര്‍ധിത വീര്യത്തില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍.

ആസാദ് ഷഫീഖെന്ന പോരാളിയും പിന്നെ വാലറ്റക്കാരും അവിശ്വസനീയ ജയത്തിനടുത്തെത്തിയതാണ്. പക്ഷെ സ്റ്റാര്‍ക്കിന്റെ 38ാം ഓവര്‍ എല്ലാം തകര്‍ത്തു. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസവും പാകിസ്താന് കണ്ണീരണിഞ്ഞ തോല്‍വിയും.

രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ വെച്ചുനീട്ടിയ 490 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ ആദ്യ ഇന്നിങ്‌സിലേതു പോലെ തകര്‍ന്നടിഞ്ഞതാണ്. ആറാമനായി സര്‍ഫറാസ് അഹമ്മദ് പുറത്താവുമ്പോള്‍ സ്‌കോര്‍ 220 മാത്രം. വാലറ്റക്കാര്‍ ഇനിയെത്ര ഓവര്‍ പിടിച്ചു നില്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം സംശയിച്ചു. പക്ഷെ എട്ടാമനായെത്തിയ മുഹമ്മദ് ആമിര്‍ എല്ലാം മാറ്റിമറിച്ചു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ആമിര്‍ ക്രീസിലുണ്ടായിരുന്ന അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ ആസാദ് ശഫീഖിന് ഉറ്റ പങ്കാളിയായി. പന്ത് യഥേഷ്ടം ബൗണ്ടറികളിലേക്ക് പറന്നപ്പോള്‍ പാക് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍ യഥേഷ്ടം ഒഴുകിയെത്തി.

ഏഴാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത് 19 ഓവറില്‍ 92 റണ്‍സ്. മുഹമ്മദ് ആമിര്‍ 63 പന്തില്‍ 48 റണ്‍സെടുത്തു. ഇരുവരും ആമിര്‍ പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 312/. പിന്നീടെത്തിയ വഹാബ് റിയാസും ഉജ്വലമായി ബാറ്റേന്തിയപ്പോള്‍ പാകിസ്താന്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ ചിറകിട്ടടിക്കാന്‍ തുടങ്ങി. അതിനിടെ ആസാദ് ഷഫീഖ് കരിയറിലെ ഉജ്വല സെഞ്ചുറികളിലൊന്ന് നേടി. സ്‌ട്രൈക്ക് കൈമാറി ഇരുവരും വേഗതയില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. പക്ഷെ നാലാം ദിവസത്തെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ സ്മിത്തിന് ക്യാച്ച് നല്‍കി വഹാബ് റിയാസ് പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 382/8.

അവസാന ദിവസം പാകിസ്താന് ജയിക്കാന്‍ 108 റണ്‍സ്. 10ാമനായിറങ്ങിയ യാസിര്‍ഷാ ഗൃഹപാഠം കഴിഞ്ഞെത്തിയ പോലെ ബാറ്റേന്തിയപ്പോള്‍ ഗാബയില്‍ ആരാധകരുടെ മുഖത്ത് സമ്മര്‍ദമേറി. 71 റണ്‍സിന്റെ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ജയത്തിലേക്ക് തോന്നിച്ച നിമിഷത്തില്‍ സ്റ്റാര്‍ക്ക് ഓസീസ് രക്ഷകനായി. ആസാദ് ഷഫീഖിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് സ്റ്റാര്‍ക്ക് ഗാബയുടെ ശ്വാസം വീണ്ടെടുത്തു. ഓസീസ് ആരാധകര്‍ എഴുന്നേറ്റ് നിന്നാണ് ഷഫീഖിനെ മടക്കിയയച്ചത്. അതേഓവറില്‍ തന്നെ യാസിര്‍ ഷാ റണ്‍ഔട്ടായതോടെ പാക് പോരാട്ടം അവസാനിച്ചു. പാകിസ്താന് 39 റണ്‍സ് തോല്‍വി. പക്ഷെ തോല്‍വിയിലും പാക് താരങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനായി.

ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സിന് ആള്‍ഔട്ടായതാണ് പാകിസ്താന് തിരിച്ചടിയായത്. 287 റണ്‍സ് ലീഡുമായിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 202/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

chandrika: