രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള മത്സരം തിങ്കളാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും ഡല്‍ഹിക്കായി കളിക്കാനെത്തിയതോടെ വന്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ഗംഭീര്‍ ഉച്ചയോടെ സ്‌റ്റേഡിയത്തിലെത്തി മൂന്ന് മണിക്കൂറോളം പരിശീലനം നടത്തി. ഇന്നലെ ഉച്ചയോടെ ജില്ലയിലെത്തിയ ശിഖര്‍ ഇന്ന് പരിശീലനത്തിനിറങ്ങും.
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താന്‍ ശ്രമിക്കുന്ന ഗംഭീറിനും ധവാനും നിര്‍ണായകമാണ് കൃഷ്ണഗിരിയിലെ അടുത്ത നാല് ദിനങ്ങള്‍. മികച്ച പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നതെന്നും കൃഷ്ണഗിരിയില്‍ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഗൗതം ഗംഭീര്‍ ചന്ദ്രികയോട് പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ഉന്മുക്ത് ചന്ദാണ് ഡല്‍ഹി ടീമിന്റെ നായകന്‍. ഈ സീസണില്‍ അപാരഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ മറ്റൊരു പ്രധാന താരം.
പങ്കജ്് സിങ്ങിന്റെ നായകത്വത്തിലാണ് രാജസ്ഥാന്‍ ടീം കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ താരം രജത് ഭാട്ടിയ, രാജേഷ് ബിഷ്‌ണോയി, അശോക് മനേരിയ, വിനീത് സക്‌സേന, തുടങ്ങിയവരും രാജസ്ഥാനു വേണ്ടി കളിക്കും. ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു തോല്‍വിയും മൂന്നു സമനിലകളുമായി 12 പോയിന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. ആറ് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് തോല്‍വിയും മൂന്നു സമനിലകളുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ബി.സി.സി.ഐ ന്യൂട്രല്‍ വേദികള്‍ അനുവദിച്ചതിനുശേഷം മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയം വേദിയാവുന്ന രണ്ടാമത് രഞ്ജി എലൈറ്റ് മത്സരമാണ് നാളെ ആരംഭിക്കുന്നത്.
ഒക്ടോബര്‍ 27ന് ഇന്ത്യന്‍ താരം ഫായിസ് ഫസല്‍ നയിച്ച വിദര്‍ഭയും സൗരഭ് തിവാരിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡുമായായിരുന്നു ആദ്യ മത്സരം. നവംബര്‍ 29ന് ഒഡിഷ മഹാരാഷ്ട്രയുമായും കൃഷ്ണഗിരിയില്‍ ഏറ്റുമുട്ടും. മുന്‍ ഓസീസ് ഇതിഹാസം ജെഫ് തോംസന്റെ കീഴില്‍ നടന്ന പരിശീലനക്യാമ്പിന് ശേഷം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലലിയുകയാണ് സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൃഷ്ണഗിരി ഹൈ ആള്‍റ്റിട്ട്യൂഡ് സ്റ്റേഡിയം.