X

ഗവേഷകര്‍ ഒടുവില്‍ കണ്ടെത്തി!, കോവിഡ് ഇത്രമാത്രം മാരകമാകാന്‍ കാരണമെന്തെന്ന്

ലോകം കോവിഡിന്റെ പിടിയിലമറിന്നിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പലരീതിയിലുള്ള പരീക്ഷണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഗവേഷകര്‍ നടത്തിയിട്ടുമുണ്ട്. അതേസമയം കോവിഡ് ഇത്രത്തോളം മാരകമാവുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരമാണ് ഇതുവരെയും പിടിതരാത്ത സാര്‍സ് കോവ് 2 വൈറസിന്റെ പ്രത്യേകത തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ കണ്ടെത്തല്‍ കോവിഡിനെതിരായ ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതെങ്കിലും രോഗാണു ശരീരത്തിലെത്തിയാല്‍ ഉടന്‍ തന്നെ നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിച്ചു തുടങ്ങും. ബാക്ടീരിയയോ വൈറസോ മറ്റേതെങ്കിലും സൂഷ്മാണുക്കളോ ആയാലും ഇതുണ്ടാകും. എന്നാല്‍ എല്ലാവരിലേയും രോഗപ്രതിരോധ സംവിധാനം ഒരേ വേഗത്തിലും കാര്യക്ഷമതയിലുമല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കോവിഡ് ബാധിക്കുന്ന ചിലരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രം കാണുന്നതും മറ്റു ചിലരില്‍ രോഗം രൂക്ഷമാകുന്നതും. രോഗപ്രതിരോധ സംവിധാനം പെട്ടെന്ന് പ്രതികരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് മനുഷ്യരില്‍ ശ്വാസകോശത്തിലടക്കം എത്തുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്യും.

ചിലരിലെ രോഗപ്രതിരോധ സംവിധാനങ്ങള്‍ കോവിഡ് രോഗാണുവിനെതിരെ പതുക്കെ മാത്രം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ കാരണമാണ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ മറഞ്ഞിരിക്കാനുള്ള കഴിവാണ് പെട്ടെന്ന് പ്രതിരോധ സംവിധാനങ്ങള്‍ക്ക് പിടികൊടുക്കാത്തതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. നേച്ചുര്‍ മാഗസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാര്‍സ് കോവ് 2 വൈറസ് എന്‍എസ്പി 16 എന്ന പ്രത്യേകതരം മാംസ്യം നിര്‍മിക്കുകയും ആര്‍എന്‍എ പരിഷ്‌കരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഏതെങ്കിലും കോശത്തിലെത്തിയാല്‍ അതേ കോശത്തിന്റെ ആര്‍എന്‍എ ഉപയോഗിച്ചാണ് ഇവ പിന്നീട് വലിയ തോതില്‍ പെരുകുന്നത്. പലപ്പോഴും നമ്മുടെ പ്രതിരോധ സംവിധാനം കോവിഡ് രോഗാണുവിനെ സ്വന്തം കോശമായി തെറ്റിദ്ധരിക്കുകയും ചെയ്യും. ഈ പ്രക്രിയയക്കിടെ കോശം നശിക്കുകയും പുതിയ കോശങ്ങളിലേക്ക് സമാനമായ പെരുകലുണ്ടാവുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വൈറസിനേയും വൈറസ് ബാധിച്ച കോശങ്ങളേയും നശിപ്പിക്കും. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനം വൈകും തോറും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒടുവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നതോടെ രോഗ പ്രതിരോധം തന്നെ പല രോഗികള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു.

Test User: