X

ഗള്‍ഫ്-ബ്രിട്ടീഷ് തന്ത്രപരമായ സഹകരണത്തിന് ജി സി സി ഉച്ചകോടി രൂപം നല്‍കി

എം. ബിജുശങ്കര്‍

മനാമ: ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് പ്രതിരോധം, സുരക്ഷ, വാണിജ്യമടക്കം എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കാനുള്ള തീരുമാനവുമായി 37ാമത് ജി സി സി ഉച്ചകോടിക്ക് ബഹ്‌റൈനില്‍ സമാപനമായി.ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തക്കമാക്കാനും അതിര്‍ത്തി സുരക്ഷക്കുമായി ബ്രിട്ടനുമായി ചേര്‍ന്ന് പ്രവര്‍ത്തക സമിതിയുണ്ടാക്കാനും ആദ്യമായി ചേര്‍ന്ന ജി സി സി-ബ്രിട്ടീഷ് ഉച്ചകോടി തീരുമാനിച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന ആയുധവല്‍കൃത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു സൈനിക നടപടി പരിഹാരമല്ലെന്നും രാഷ്ട്രീയവും സമാധാനപരവുമായ മാര്‍ഗത്തിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും ഉച്ചകോടി തീരുമാനിച്ചതായി കമ്മ്യൂണിക്കെയില്‍ വെളിപ്പെടുത്തി.

 
ബ്രിട്ടനും ഗള്‍ഫ് രാജ്യങ്ങളും സംയുക്തമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. ജി സി സിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന സംയുക്ത സൈനികാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. സൈനിക സഹകരണം വിപുലപ്പെടുത്തിക്കൊണ്ട് നിലവിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കും. മേഖലയിലേക്കായി ബ്രിട്ടന്‍ യു എ ഇയില്‍ പ്രതിരോധ സ്റ്റാഫിനെ നിയമിക്കും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി ഗള്‍ഫും ബ്രിട്ടനും ചേര്‍ന്ന് ദേശീയ സുരക്ഷാ സംവാദം സംഘടിപ്പിക്കും. സിറിയ, ഇറാഖ്, ലിബിയ, യെമന്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് വ്യക്തമാക്കിയ ഉച്ചകോടി സിറിയയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു സുസ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

 

അസദിന് സിറിയയില്‍ നിയമ സാധുത നഷ്ടപ്പെട്ടതായും സിറിയയുടെ ഭാവിയില്‍ ഒരു പങ്കുമില്ലെന്നും കമ്മ്യൂണിക്കെ വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തി അസദ് ഭരണത്തിനും അതിനു പിന്‍തുണ നല്‍കുന്നവര്‍ക്കുംമേല്‍ സമ്മര്‍ദം ശക്തമാക്കും. സിറിയന്‍ പ്രതിപക്ഷത്തിനുള്ള ശക്തമായ പിന്‍തുണ ഉച്ചകോടി ആവര്‍ത്തിച്ചു. ഐ എസ്, അല്‍ ഖായ്ദ ഭീകരെരെ സിറിയയില്‍ പരാജയപ്പെടുത്തുന്നതിനു ശക്തമായ പിന്‍തുണ വാഗ്ദാനം ചെയ്തു.
യു എന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് മുന്‍കൈയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ യെമന്‍ പ്രശ്‌നം സമാധാനപരമായി പരിഹാരിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.

 

മേഖലയെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇറാന്‍ സമാധാനപരാമായ മാര്‍ഗത്തിലൂടെ അയല്‍ക്കാരുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
സാഖിര്‍ പാലസില്‍ രണ്ടു ദിവസമായി നടന്ന ഉച്ചകോടി ജി സി സി- ബ്രിട്ടീഷ് സഹകരണത്തിലെ പുതിയ മേഖലകള്‍ തുറക്കുന്നതായി. ഗള്‍ഫ് ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മായ് സംബന്ധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലിനെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് അവര്‍ വ്യക്തമാക്കി.

 

ഇറാന്‍ അധിനിവേശം തടയാന്‍ ബ്രിട്ടന്‍ സഹായിക്കുമെന്ന് അവര്‍ അറിയിച്ചു. ഉച്ചകോടിയുടെ അന്തിമ സെഷനില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധ്യക്ഷനായി. തങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു കൈകോര്‍ത്ത ജി സി സി നേതാക്കളെ രാജാവ് അഭിനന്ദിച്ചു.

chandrika: