എവേ മല്‍സരത്തില്‍ ഗംഭീരമായ പ്രകടനം, വിജയത്തിന് തുല്യമായ സമനില, മൂന്നാം മിനുട്ടില്‍ തന്നെ ഗോളും- കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാറിയിരിക്കുന്നു. കൊച്ചിയില്‍ മുംബൈക്കാരെ തോല്‍പ്പിച്ചതിലുടെ ആവാഹിച്ചിരിക്കുന്ന ആത്മവിശ്വാസത്തിന്റെ ശക്തമായ പ്രതിഫലനമായിരുന്നു ഫ്രെഡറിക് ഹെര്‍ബാര്‍ട്ടിന്റെ സുന്ദരമായ ഗോള്‍. മൈക്കല്‍ ചോപ്രയെന്ന മുന്‍നിരക്കാരനെ പൂനെക്കാര്‍ ബഹുമാനിക്കാനുളള കാരണവും ആ ഗോള്‍ തന്നെ. റാഫിയും റഫിക്കും ഹ്യൂസുമെല്ലാം സുന്ദരമായ ഫുട്‌ബോളാണ് കാഴ്ച്ചവെച്ചത്-അതിനെ അഭിനന്ദിക്കണം. മുഹമ്മദ് സിസോക്കോ എന്ന പൂനെ നായകന്റെ അനുഭവസമ്പത്തും വേഗതയും തന്ത്രങ്ങളുമെല്ലാമാണ് ആ ടീമിന് സമനില സമ്മാനിച്ചതെങ്കില്‍ ബോള്‍ പൊസിഷനില്‍ മാത്രമല്ല മല്‍സരത്തിന്റെ വേഗതയിലും ആക്രമണങ്ങളുടെ എണ്ണത്തിലും തെറ്റാത്ത പാസുകളുടെ കാര്യത്തിലും കേരളം മുന്നിട്ട് നിന്നു. എവേ മല്‍സരത്തില്‍ ഹോം ടീം വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ പ്രതിരേധ ജാഗ്രതയിലായിരിക്കും. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ നടത്തിയ ആക്രമണത്തില്‍ പ്രകടമായത് അവരുടെ ആത്മവിശ്വാസമായിരുന്നു. ഇനിയുളള മല്‍സരങ്ങളില്‍ ആവര്‍ത്തിക്കേണ്ടതും ഈ ശൈലി തന്നെ. അഞ്ച് കളികളില്‍ നിന്ന് ഇപ്പോള്‍ അഞ്ച് പോയന്റ്. മൈക്കല്‍ ചോപ്രയെയും ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിനെയും ഗോള്‍ സ്‌ക്കോററായ ഹെര്‍ബാര്‍ത്തിനെയും പ്രതിയോഗികള്‍ നോട്ടമിട്ട് കഴിഞ്ഞു. ഇതാണ് ഒരു ടീമിന് വേണ്ടത്. എതിരാളികള്‍ ഭയപ്പെടുന്ന, ബഹുമാനിക്കുന്ന ഒന്നിലധികം താരങ്ങളുണ്ടാവുമ്പോള്‍ അത് ഗുണകരമാവും.
പൂനെയില്‍ കേരളത്തിന് പിഴവുകള്‍ കുറവായിരുന്നു. സിസോക്കോ നേടിയ ആ സമനില ഗോള്‍-ആ സമയം അദ്ദേഹം സ്വതന്ത്രനായിരുന്നു എന്നത് പ്രതിരോധത്തിലെ വീഴ്്ച്ചയായിരുന്നു. ഹ്യൂസിലെ നായകനും സന്ദേശ് ജിങ്കാനുമെല്ലാം ഒരു നിമിഷം അന്ധാളിച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ക്ക് കിട്ടാത്ത ഷോട്ടായിരുന്നു സിസോക്കോ പായിച്ചത്. മധ്യനിരയില്‍ ഹോസു പ്രിറ്റോ, മെഹ്ത്താബ് ഹുസൈന്‍ എന്നിവരും മുന്‍നിരയില്‍ മുഹമ്മദ് റാഫിയും അദ്ധ്വാനിച്ച് കളിച്ചു. മുഹമ്മദ് റഫീക്കിലെ വേഗക്കാരന് പന്ത് നിയന്ത്രിക്കുന്നതിലും വിജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ ഗുണം ചെയ്യും.