ജക്കാര്‍ത്ത: വിശുദ്ധ ഖുര്‍ആനെ നിന്ദിച്ച ജക്കാര്‍ത്ത ഗവര്‍ണറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം. ജക്കാര്‍ത്തയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭ റാലികള്‍ അക്രമാസക്തമായി. ഏറ്റുമുട്ടലുകളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അക്രമങ്ങളെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ പ്രസിഡണ്ട് ജോകോ വിഡോഡോ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കി. ജക്കാര്‍ത്തയുടെ ക്രിസ്ത്യന്‍ ഗവര്‍ണര്‍ ബാസുകി ജഹജ പൂര്‍ണമ ഖുര്‍ആന്‍ വചനങ്ങള്‍ വളച്ചൊടിച്ച് പരിഹസിച്ചതായി പ്രക്ഷോഭകര്‍ ആരോപിക്കുന്നു. അമുസ്്‌ലിംകളെ നേതാക്കളായി സ്വീകരിക്കരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് ഒരു പൊതുവേദിയില്‍വെച്ച് ഗവര്‍ണര്‍ പറഞ്ഞതാണ് വിവാദമായത്. വെള്ളിയാഴ്ച പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ജക്കാര്‍ത്തയില്‍ സമാധാനപൂര്‍ണമായി തുടങ്ങിയ റാലി വൈകുന്നേരത്തോടെ അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. ദൈവനിന്ദ നടത്തിയ പൂര്‍ണമയെ അറസ്റ്റ്‌ചെയ്ത് നീതി നടപ്പാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സംഭവത്തില്‍ പൂര്‍ണമ മാപ്പുപറഞ്ഞിരുന്നു. ചില രാഷ്ട്രീയക്കാര്‍ സംഘര്‍ഷം മുതലെടുക്കുകയാണെന്ന് പ്രസിഡണ്ട് വിഡോഡോ ആരോപിച്ചു.