X

ക്രോണി ക്യാപ്പിറ്റലിസവും കറന്‍സി പരിഷ്്കാരവും

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്അസാധുവാക്കിയതിലൂടെ പുതിയ കറന്‍സി നയം സമ്പത്ത്ഘടനയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റും നരേന്ദ്ര മോദിയും വാദിക്കുന്നത്, പ്രസ്തുത നീക്കം കള്ളപ്പണവും വ്യാജ നേട്ടുകളും സമ്പത്ത് ഘടനയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നാണ്. എന്നാല്‍ കൊട്ടിഘോഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് മോദി സര്‍ക്കാറിന്റെ കറന്‍സി പിന്‍വലിക്കല്‍ നീക്കം കൊണ്ട് സാധിക്കുമോ എന്ന സംശയമാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും മറ്റും പങ്കുവെക്കുന്നത്. കള്ളപ്പണം എന്നും മോദിയുടെ രാഷ്ട്രീയ ആയുധപ്പുരയിലെ മൂര്‍ച്ചയേറിയ ആയുധമായിരുന്നു. അതിനാല്‍ തന്നെ സാമ്പത്തിക മേഖലയിലെ ‘സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്’ രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

ഏതൊരു രാഷ്ട്രത്തെ സംബന്ധിച്ചും സാമ്പത്തിക സംഘാടനം അതിന്റെ നിലനില്‍പ്പില്‍ അവിഭാജ്യഘടകമാണ്. നിയമാനുസൃത സാമ്പത്തിക വ്യവഹാരങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നത് രാജ്യത്തിന്റെ പൊതു സ്വീകാര്യതയോടുതന്നെ ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ ലബ്ധി മുതല്‍ തന്നെ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് നിയമാനുസൃതമല്ലാത്ത സാമ്പത്തിക വ്യവഹാരങ്ങളെ നിയന്ത്രിക്കുക എന്നത്. നിയമ സംവിധാനങ്ങളില്‍ നിന്നുമകന്ന് സമാന്തര സമ്പദ് ഘടന നിലനില്‍ക്കുക അനഭിലഷണീയമായതും ദേശ രാഷ്ട്രീയ യുക്തിയില്‍ ഇല്ലാതാക്കപ്പെടേണ്ടതുമാണ്.
ലോകബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് കള്ളപ്പണവും അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവഹാരങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അറുപത് ശതമാനത്തിലധികം വരുമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. നിയമ വിരുദ്ധ സാമ്പത്തിക ഘടന രാജ്യത്ത് ശക്തിപ്പെട്ടതില്‍ രാഷ്ട്രീയ-വ്യവസായ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിന് ചരിത്ര പരമായ പങ്കാണുള്ളത്.

അഴിമതിയും അതുവഴി സ്വരൂപിക്കപ്പെട്ട പണവും വിധ്വംസക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായാണ് വര്‍ത്തിക്കുന്നത്. രാജ്യത്തെ നൂറുകോടിയിലധികം ജനങ്ങളുടെ പൊതു സമ്പത്തും സമ്പാദ്യവുമാണ് ചുരുക്കം ചില വ്യക്തികള്‍ ഇത്തരത്തില്‍ കൊള്ള ചെയ്യുന്നതെന്ന വസ്തുത രാജ്യനന്മ കാംക്ഷിക്കുന്ന ഏതൊരാള്‍ക്കും അവഗണിക്കാനാവില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമായി അപഗ്രഥിച്ചാല്‍ പട്ടിണിയും പരിവട്ടവുമില്ലാത്ത ജീവിതക്രമം പൗരര്‍ക്ക് പ്രദാനം ചെയ്യുക എന്നത് ഭരണകൂട ബധ്യതയാണെന്ന് ബോധ്യമാകും. പൊതു വിഭവങ്ങളെ എല്ലാവരിലുമെത്തിക്കാനും പട്ടിണിയും കഷ്ടപ്പാടുമില്ലാത്ത നാളുകള്‍ക്കായുള്ള നയരൂപീകരണത്തിനുമാണ് സര്‍ക്കാറുകള്‍ തയ്യാറാവേണ്ടത്. നിരന്തര പ്രതിഷേധങ്ങളാണ് കള്ളപ്പണം എതിര്‍ക്കപ്പെടാനും നടപടിയര്‍ഹിക്കുന്ന കാര്യമാണെന്ന രീതിയിലേക്കും പൊതുബോധം രൂപപ്പെടുത്തിയെടുക്കുന്നതിലേക്കും നയിച്ചത്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കള്ളപ്പണം ഇല്ലാതാക്കുമെങ്കില്‍ സുത്യര്‍ഹവും അഭിനന്ദനീയവുമായിരുന്നേനെ, എന്നാല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കമ്പോളത്തില്‍ നിന്നും പിന്‍വലിക്കുക എന്ന ഏക നടപടി കൊണ്ടുമാത്രം കള്ളപ്പണ നിര്‍മ്മാര്‍ജ്ജനം സാധ്യമാകില്ല എന്ന് വിശദമായ അവലോകനം വ്യക്തമാക്കുന്നു.

കള്ളപ്പണം എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് നിയമപരമല്ലാത്ത മാര്‍ഗത്തില്‍ സമ്പാദിക്കപ്പെട്ട നികുതി നല്‍കപ്പെടാത്ത സമ്പത്ത് എന്നാണ്. ഈ സമ്പത്ത് വ്യത്യസ്ത മാര്‍ഗങ്ങളിലൂടയാണ് സാമ്പത്തിക കുറ്റവാളികള്‍ സംരക്ഷിച്ചു പോരുന്നത്. അതിലേറ്റവും പ്രമുഖ മാര്‍ഗം ആദായ നികുതി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്.
നികുതിയിളവുകളിലൂടെ ഇല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ടെന്ന് കാണിച്ച് വരുമാന കണക്കുകള്‍ പെരുപ്പിച്ചു കാണിച്ച് നിയമപരമല്ലാത്ത പണം വെളുപ്പിച്ചു കാണിക്കുന്ന രീതിയാണ് മറ്റൊന്ന്. മൗറീഷ്യസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ അഴിമതിപ്പണത്തെ വെളുപ്പിച്ചെടുക്കാറുണ്ട് എന്ന വെളിപ്പെടുത്തല്‍ ലോക മാധ്യങ്ങള്‍ പുറത്തുവിട്ടത് ഈയടുത്ത കാലത്താണ്. ബോളിവുഡ് താര ചക്രവര്‍ത്തി അമിതാബ് ബച്ചന്റെയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയുമടക്കം പ്രമുഖരുടെ പേരുകളാണ് പനാമപേപ്പറുകളിലൂടെ വെളിപ്പെടുത്തപ്പെട്ടത്. സ്വിസ് ബാങ്കുകളും മൗറീഷ്യസ് ഇടപാടുകളും മാറ്റിനിര്‍ത്തിയാല്‍ കള്ളപ്പണം വ്യാപകമായി നിക്ഷേപിക്കപ്പെടുന്നത് റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണ്ണവ്യാപാരം തുടങ്ങിയവയിലൂടെയാണ്.

രാജ്യത്തെ കള്ളപ്പണ സമ്പദ് വ്യവസ്ഥിതിയുടെ 90 ശതമാനവും ഒന്നുകില്‍ വിദേശ ബാങ്കിങ് ഇടപാടുകളിലോ, അല്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ്-സ്വര്‍ണ്ണ ഇടപാടുകളിലൂടെയോ ആണെന്നിരിക്കെ കറന്‍സിയായി സൂക്ഷിക്കപ്പെട്ടിട്ടുള്ള കള്ളപ്പണത്തിനു പിറകെ പോകുന്നതില്‍, അതും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഉന്നത മൂല്യമുള്ള കറന്‍സികള്‍ ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ചു സമ്പദ്ഘടനയെ നിശ്ചലമാക്കി നിര്‍ത്തിഎന്നത് കള്ളപ്പണ പോരാട്ടത്തിലെ മോദി യുക്തിയെ സംശയത്തില്‍ നിര്‍ത്തുന്നു. കറന്‍സിയായി സൂക്ഷിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം കണ്ടെത്തിയതിനു ശേഷം മറ്റു മേഖലകളിലെ നിയമ വിരുദ്ധ നിക്ഷേപങ്ങളെ തേടിയിറങ്ങാം എന്ന മറുവാദം അബദ്ധജടിലമാണെന്നത് ബോധ്യമാകും. കാരണം 90 ശതമാനത്തിന്റെ ഉറപ്പിനെ അവഗണിച്ചുകൊണ്ട് 10 ശതമാനത്തിന്റെ സാധ്യതകളെ പരീക്ഷിക്കാനിറങ്ങുന്നത് വിദേശത്തും സ്വദേശത്തുമായി മറ്റു മേഖലകളില്‍ കള്ളപ്പണം നിക്ഷേപം നടത്തിയവര്‍ക്ക് തങ്ങളുടെ പണം വെളുപ്പിച്ചെടുക്കാനും രക്ഷപ്പെടാനുമുള്ള സമയമനുവദിക്കുന്നതിനു തുല്യമാണ്.

ചാക്കില്‍ കെട്ടി ഗോദ്‌റേജിന്റെ ലോക്കറില്‍ ഇരുട്ടു മുറികളില്‍ സൂക്ഷിക്കപ്പെട്ട കള്ളപ്പണങ്ങളുടെ ലോകം എഴുപതുകളിലേയും എണ്‍പതുകളിലേയും ബോളിവുഡ് സിനിമകളിലെ കാഴ്ചകളാണെന്നിരിക്കെ, ആധുനിക കാലത്തെ പുത്തന്‍ തട്ടിപ്പ് നിക്ഷേപ വഴികളെ കൊട്ടിയടക്കുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലാഴ്ത്തി, കള്ളപ്പണ വിരുദ്ധ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന മിഥ്യാധാരണ സൃഷ്ടിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷ ബജറ്റിലെ ആകെ തുകയുടെ 0.25 ശതമാനം മാത്രമുള്ള വ്യാജ കറന്‍സി നോട്ടുകളുടെ നിര്‍മ്മാര്‍ജ്ജനത്തിന് രാജ്യ വ്യാപകമായുള്ള കറന്‍സി നോട്ടുകളെ പിന്‍വലിക്കുക എന്നത് തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് സമാനമാണ്. വ്യാജ കറന്‍സികളുടെ വ്യാപനത്തെ തടയുന്നതിനാവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഉയര്‍ന്ന മൂല്യമുള്ള ഏകദേശം 15 ബില്യണ്‍ നോട്ടുകള്‍ കമ്പോളത്തില്‍ നിന്നു പിന്‍വലിക്കുക വഴി എലിയെ പേടിച്ച് ഇല്ലം ചുടുന്ന പ്രവൃത്തിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

ദൂരദര്‍ശനില്‍ രാജ്യത്തോടായുള്ള പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടിയ പുതിയ കറന്‍സി നയത്തിലെ രണ്ട് ലക്ഷ്യങ്ങളുടെയും യുക്തി അത്രത്തോളം വിശ്വസനീയമല്ലെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മോദി പറായാതെ തന്നെ രണ്ട് കാരണങ്ങള്‍ പുറത്തു നിഴലിച്ചു നില്‍ക്കുന്നുമുണ്ട്. ആ രണ്ട് പ്രധാന കാരണങ്ങള്‍ ഇവയാണ്. ഒന്ന്, ബാങ്കിങ് മേഖലയെ ഉത്തേജിപ്പിക്കുക. രണ്ട്, ആസന്നമായ ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞടുപ്പുകളില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ ജയിച്ചു കയറുക. ഇതില്‍ ആദ്യത്തെ താല്‍പര്യത്തെ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക, മോദി തുടര്‍ന്നു പോരുന്ന ക്രോണി ക്യാപ്പിറ്റലിസത്തിന്റെ (മൈത്രീ മുതാലാളിത്തം) ഭഗമായി ബാങ്കുകളുടെ വായ്പ്പാ ശക്തി വര്‍ധിപ്പിച്ചു മൂലധന വ്യാപനം പ്രത്യേകിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഉറപ്പുവരുത്തുകയാണ് കറന്‍സി നയം ലക്ഷ്യമാക്കുന്നത് എന്നാണ്.

വമ്പന്‍ സാമ്പത്തിക സ്രാവുകള്‍ വായ്പാ കടങ്ങള്‍ തിരിച്ചടക്കാതെ പൊതുമേഖലാ ബാങ്കുകളടക്കം പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയില്‍ മൂലധന സമാഹരണത്തിനുള്ള മാര്‍ഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനു തുനിഞ്ഞിറങ്ങിയത്. പഴയ നോട്ടുകള്‍ പിന്‍വലിക്കപ്പെടുന്ന അവസ്ഥയില്‍ പൗരന്‍മാര്‍ക്ക് ബാങ്കുകളില്‍ പണം നിക്ഷേപിക്കാതിരിക്കാന്‍ കഴിയില്ല, മാത്രമല്ല നിശ്ചിത ദിവസത്തിനുള്ളില്‍ പഴയ കറന്‍സികള്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുമെന്നതും വ്യക്തമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടന പുറത്തുവിട്ട ലിസ്റ്റ് പ്രകാരം നിരവധി കോര്‍പറേറ്റ് ഭീമന്മാരാണ് വായ്പാ തിരിച്ചടക്കലിനു തയ്യാറാവാത്തത്. പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധി മറികടക്കാന്‍ 1.25 ലക്ഷം കോടിയുടെ മൂലധന സമാഹരണം ആവശ്യമാണെന്നാണ് മൂഡീസ് ഏജന്‍സിയുടെ രേഖകള്‍ കാണിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വമ്പന്‍ സാമ്പത്തിക ശക്തികളുടെ താല്‍പര്യ സംരക്ഷണത്തിനായി സാധാരണക്കാരെയടക്കം ദുരിതത്തിലാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക സാമ്പത്തിക പ്രതിസന്ധിക്കു കാരണമായ അമേരിക്കന്‍ ബാങ്കിങ് തകര്‍ച്ചയിലേക്ക് നയിച്ച അതേ സാമ്പത്തിക നയങ്ങളാണ് മോദി സര്‍ക്കാരും പിന്തുടരുന്നത്. ഇത് രാജ്യ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനു പകരം അസ്ഥിരപ്പെടുത്തുന്നതിലേക്കാണ് നയിക്കുക.
ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ‘കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിനു’ വോട്ടു ചോദിക്കാനുള്ള രാഷ്ട്രീയ തന്ത്രം കൂടി ഈയൊരു നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. പ്രത്യക്ഷത്തില്‍ സാമ്പത്തിക കുറ്റവാളികളെ പിടിച്ചുകെട്ടുന്നു എന്നു തോന്നിപ്പിക്കുക വഴി ജനപിന്തുണയാര്‍ജിക്കുകയും വായ്പാ സംവിധാത്തെ ശക്തിപ്പെടുത്തുന്നതിലൂടെ കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കളിക്കാണ് രാജ്യം വേദിയാവുന്നത്. അല്ലാതെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ കറന്‍സി പിന്‍വലിക്കുന്നത് കൊണ്ട് മാത്രം കള്ളപ്പണം തടയാനാവില്ല. വിദേശ നിക്ഷേപങ്ങളിലെ കള്ളത്തരങ്ങളും റിയല്‍ എസ്റ്റേറ്റ് – സ്വര്‍ണ്ണ മേഖലകളിലെ നിയമ വിരുദ്ധ ഇടപാടുകള്‍ തുറന്നുകാട്ടുകയും നടപടിയെടുക്കുകയുമാണ് ഇച്ഛാശക്തിയുള്ള ഭരണകൂടം ചെയ്യേണ്ടിയിരുന്നത്, അല്ലാതെ സാധാരണക്കാരന്റെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്ക് കുടപിടിക്കുകയല്ല.

ഷംസീര്‍ കേളോത്ത്‌

chandrika: