ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്‍ പകുതിയിലേറെപ്പേരെയും അമേരിക്ക പിന്‍വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ചില അജ്ഞാത കരങ്ങള്‍ നടത്തുന്ന ആക്രമണമാണ് അവരുടെ ആരോഗ്യത്തെ തകര്‍ക്കുന്നതെന്ന് യു.എസ് ആരോപിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ ക്യൂബ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് രണ്ട് ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. ആഗസ്റ്റിലും യു.എസ് എംബസിയിലെ 16 ജീവനക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടി. സെപ്തംബര്‍ ആദ്യത്തില്‍ 19 ഉദ്യോഗസ്ഥര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. തലവേദന, ബധിരത, തലചുറ്റല്‍, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവരെ വേട്ടയാടുന്നത്. ഇതേ തുടര്‍ന്നാണ് എംബസി ജീവനക്കാരില്‍ ഭൂരിഭാഗത്തേയും പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. യു.എസ് നീക്കം ധൃതിപിടിച്ചതാണെന്ന് ക്യൂബ പറഞ്ഞു. നയതന്ത്ര ബന്ധങ്ങളെ തകര്‍ക്കുന്ന അത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്നും സഹകരണം തുടരണമെന്നും ക്യൂബന്‍ ഭരണകൂടം അറിയിച്ചു. ആക്രമണങ്ങളെക്കുറിച്ച് സംയുക്ത അന്വേഷണം തുടരുമെന്നും നയതന്ത്ര ബന്ധം സാധാരണ നിലയില്‍ നിലനിര്‍ത്തുമെന്നും യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു.
- 7 years ago
chandrika
Categories:
Video Stories