ലണ്ടന്‍: കോവിഡ് മഹാമാരിക്കെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എ.ഇസഡ്.ഡി 1222 എന്നാണ് വാക്‌സിന്റെ പേര്. സ്വീഡിഷ് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രസെനക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.
വാക്‌സിന്‍ ശരീരത്തില്‍ ആന്‍ഡി ബോഡികളും ടി സെല്ലുകളും (കില്ലര്‍ സെല്‍) ഉത്പാദിപ്പിച്ചതായും മറ്റു പ്രതികൂല ശാരീരിക ആഘാതങ്ങള്‍ വാക്‌സിനില്ലെന്നും ലാന്‍സ്‌ലറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവകാശപ്പെടുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ വേണ്ടതുണ്ട് എന്നും സാര്‍സ് കോവ്-2 (കോവിഡ് 19) വൈറസിനെതിരെ വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് പ്രതീക്ഷയെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് പറയുന്നു.
വിജയകരമായി മുമ്പോട്ടു പോകുകയാണ് എങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു അന്തിമ തിയ്യതി പ്രഖ്യാപിക്കാനാകില്ലെന്നും എന്നാല്‍ സെപ്തംബറില്‍ പ്രതീക്ഷിക്കാമെന്നും ബെര്‍ക്‌ഷെയര്‍ റിസര്‍ച്ച് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡേവിഡ് കാര്‍പന്റര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യു.കെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും. ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം ആരംഭിക്കും. ആസ്ട്രസെനകയുമായി ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് സഹകരിക്കുന്നത്.
ഓക്‌സഫഡ് വാക്‌സിന് പുറമേ, റഷ്യ, ചൈന, യു.എസ്, ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം വാക്‌സിന്‍ പരീക്ഷണം മുമ്പോട്ടു പോകുകയാണ്. ഒരു ഡസനിലധികം വാക്‌സിനുകളാണ് ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലുള്ളത്.