ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയ അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജൂലൈ 31 വെള്ളിയാഴ്ച വരെ വൈറസ് ബാധയേറ്റു മരിച്ചവര്‍ 35,747 പേരാണ്. ഇതില്‍ ഏകദേശം പകുതി (18,000) മരണവും ജൂലൈ മാസത്തിലാണ്. ദിനംപ്രതിയുള്ള കണക്കെടുക്കുമ്പോള്‍ ഓരോ ദിവസവും അറുനൂറു പേര്‍. മണിക്കൂറില്‍ ശരാശരി 25 പേര്‍!
വൈറസ് റിപ്പോര്‍ട്ട് ചെയ്ത് അഞ്ചു മാസം കഴിഞ്ഞിട്ടും കോവിഡിന്റെ ഗ്രാഫ് താഴേക്കു വന്നിട്ടില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓരോ 32 ദിവസത്തിലും രാജ്യത്തെ മരണനിരക്ക് ഇരട്ടിയായി വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് തുടരുകയാണ് എങ്കില്‍ ഓഗസ്റ്റ് മദ്ധ്യത്തോടെ യു.കെയേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യ മാറും. യു.കെയില്‍ 46,000ത്തോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
കഴിഞ്ഞ ഏഴു ദിവസമായി ഇന്ത്യയിലെ ശരാശരി മരണം 735 ആണ്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ യു.എസ് മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ബ്രസീലിലും മെക്‌സിക്കോയിലും ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടെങ്കിലും കോവിഡിന്റെ ഗ്രാഫ് താഴോട്ടാണ്. ദിനംപ്രതിയുള്ള മരണങ്ങളിലും വര്‍ദ്ധനയുണ്ടാകുന്നില്ല.
അതിനിടെ, ഇന്ത്യയിലെ മരണനിരക്ക് താരതമ്യേന കുറവാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാദം. മരണനിരക്ക് 2.18 ശതമാനം മാത്രമാണെന്നും കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പറയുന്നു. 5,45,318 ആക്ടീവ് കേസുകളില്‍ 1.61 ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐ.സി.യു പരിരക്ഷ ആവശ്യമായി വന്നത്. 2.32 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ പിന്തുണ ആവശ്യമായി വന്നു. മെഡിക്കല്‍ സൂപ്പര്‍ വിഷന്‍ ആവശ്യമായി വന്നത് 33.27 ശതമാനം പേര്‍ക്ക് മാത്രമാണ്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 55,079 പേര്‍ക്കാണ്. 779 പേര്‍ മരിക്കുകയും ചെയ്തു. 15,83,792 ആണ് രാജ്യത്തെ മൊത്തം കേസുകള്‍. ഇതില്‍ 10,20,582 പേര്‍ രോഗമുക്തരായി. 34,968 പേര്‍ മരിക്കുകയും ചെയ്തു. 5,28,242 ആണ് ആക്ടീവ് കേസുകളുടെ എണ്ണം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളെയാണ് കോവിഡ് കൂടുതലായി ബാധിച്ചത്.