അടിമാലി: പണം വാങ്ങി കലാമത്സരത്തിനു മാര്‍ക്കിടുന്നതായി ആരോപണവും കൈയാങ്കളിയും. മത്സരഫലത്തില്‍ പ്രകോപിതരായ കാണികള്‍ വേദി കൈയേറിയതോടെ സംഘര്‍ഷവും വാക്കേറ്റവും. മുറിയില്‍ പൂട്ടിയിട്ട വിധികര്‍ത്താക്കളെ പൊലീസ് ഇടപെട്ടാണ് പുറത്തെത്തിച്ചത്. സിബിഎസ്ഇ സംസ്ഥാന കലോത്സവം നടക്കുന്ന അടിമാലി വിശ്വദീപ്തി പബഌക് സ്‌കൂളിലെ നാടോടിനൃത്ത വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ആദ്യ ദിനം മുതല്‍ തന്നെ മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ ഏകപക്ഷീയമായി ഇടപെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരം നാലിനു നടന്ന നാടോടി നൃത്ത വേദിയില്‍ വിധികര്‍ത്താവ് വടക്കന്‍ ജില്ലയില്‍ നിന്നെത്തിയ കുട്ടിയുടെ രക്ഷകര്‍ത്താക്കളോട് പണം വാങ്ങുന്നതായി ആരോപണവും ഉയര്‍ന്നു.
ജഡ്ജസ് ആരോപണം നിക്ഷേധിച്ചതോടെ വേദിയിലും സദസിലും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. മത്സരത്തിനു മുന്‍പേ വടക്കന്‍ ജില്ലയില്‍ നിന്നുള്ള കുട്ടിക്കു നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഫലം വന്നപ്പോള്‍ ആരോപണവിധേയായ കുട്ടിയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി.
അടിപിടിയിലേക്കു കാര്യങ്ങള്‍ എത്തുമെന്നിരിക്കെ പൊലീസയെത്തി വിധികര്‍ത്താക്കളെ മറ്റൊരു മുറിയിലേയ്ക്ക് കൊണ്ടുപോയി. തടിച്ചു കൂടിയ ആളുകള്‍ മുറി പുറത്തു നിന്നു പൂട്ടി. സ്‌കുള്‍ പ്രിന്‍സിപ്പല്‍ ടോമി നമ്പ്യാപറമ്പിലും അടിമാലി സിഐ യുനസും നടത്തിയ ചര്‍ച്ചയിലാണ് സംഘര്‍ഷത്തിന് അയവു വന്നത്. വിധികര്‍ത്താക്കളെ പൊലീസ് ജീപ്പിലാണ് കലോത്സവ വേദിയില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോയത്. ആരോപണം തെളിഞ്ഞാല്‍ വിധികര്‍ത്താക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോണ്‍ ഫെഡറേഷന്‍ ഭാരാവഹികള്‍ പറഞ്ഞു. കലോത്സവ വേദിയില്‍ കോഴയാരോപണം നടന്നതു സത്യമാണെന്നു നൃത്തധ്യാപികയും സംവിധായകന്‍ മോഹന്റെ ഭാര്യയുമായ അനുപമ മോഹന്‍ പറഞ്ഞു.