X

കോളിന്‍ ഡി ഗ്രാന്റ്‌ഹോം വിസ്മയം; പാക് ദുരന്തം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 133 റണ്‍സിന് തകര്‍ന്നടിഞ്ഞു. ആദ്യ ദിനം മഴ അപഹരിച്ച മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ 30-ാം വയസില്‍ അരങ്ങേറ്റം കുറിച്ച കോളിന്‍ ഗ്രാന്റ് ഹോമിന്റെ മാരക ബൗളിങാണ് പാകിസ്താനെ തകര്‍ത്തത്. 15.5 ഓവറില്‍ അഞ്ച് മെയ്ഡനടക്കം 41 റണ്‍സ് വിട്ടു നല്‍കി ആറു പാക് വിക്കറ്റുകളാണ് ഗ്രാന്റ്‌ഹോം പിഴുതത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ന്യൂസിലന്‍ഡ് കളിക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 65 വര്‍ഷം മുമ്പ് അലക്‌സാണ്ടര്‍ മോയിറിന്റെ ഇംഗ്ലണ്ടിനെതിരെ 155 റണ്‍സിന് ആറു വിക്കറ്റാണ് ഇതിനു മുമ്പുള്ള മികച്ച പ്രകടനം. അരങ്ങേറ്റത്തില്‍ പാകിസ്താനെതിരെ ഒരു കളിക്കാരന്‍ നടത്തുന്ന രണ്ടാമത്തെ മികച്ച പ്രകടനമാണ് ഗ്രാന്റ്‌ഹോമിന്റേത്. ദക്ഷിണാഫ്രിക്കയുടെ കെയ്ല്‍ ആബട്ട് 29 റണ്‍സ് വിട്ടു നല്‍കി ഏഴു വിക്കറ്റുകള്‍ നേടിയതാണ് പാകിസ്താനെതിരായ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച പ്രകടനം. പാകിസ്താന്‍ നിരയില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കണ്ടില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ ജീത് റാവലും (55*), ഹെന്റി നികോള്‍സുമാണ് (29*) ക്രീസില്‍.

chandrika: