വിശാഖപ്പട്ടണം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്വീകരിച്ച സമീപനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിക്ക് ആശ്ചര്യം. വിജയിക്കാന്‍ 405 റണ്‍സ് മാത്രം ആവശ്യമായിട്ടും ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ഒന്നര ദിവസത്തോളം ലഭിച്ചിട്ടും ഇംഗ്ലീഷുകാര്‍ പ്രതിരോധത്തിന്റെ ആഴങ്ങളിലേക്ക് പോയതാണ് കോലിയെ അതിശയിപ്പിച്ചത്. ഇന്നലെ മല്‍സര ശേഷം നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ തന്റെ ആശ്ചര്യം പരസ്യമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ആക്രമിക്കുമെന്നാണ് ഞാന്‍ കരുതിയത്. അവര്‍ക്ക് ദിവസങ്ങളുണ്ടായിരുന്നു. ഓവറുകളുണ്ടായിരുന്നു.
പിച്ച് സ്പിന്നിന് അനുകൂലമായി മാറുമ്പോഴും ശക്തമായ തിരിച്ചടിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ ബൗളിംഗിനെ അത് ബാധിക്കുമായിരുന്നുവെന്നും കോലി പറഞ്ഞു. ബാറ്റ്‌സ്മാന്മാര്‍ പ്രതിരോധ വഴി തെരഞ്ഞെടുത്തപ്പോള്‍ എനിക്കുറപ്പായിരുന്നു കാര്യങ്ങള്‍ ഇന്ത്യന്‍ വഴിക്ക് വരുമെന്ന്. ഒന്നോ രണ്ടോ വിക്കറ്റുകള്‍ നിലം പതിക്കുന്ന പക്ഷം പിന്നെ വിക്കറ്റ് പതനം എളുപ്പമാവും. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ പ്രതിരോധത്തിലേക്ക് പോവുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് ക്ഷമയായിരുന്നു. ബൗളര്‍മാര്‍ ക്ഷീണിതരാവരുത്. വിത്യസ്ത പ്ലാനുകള്‍ തയ്യാറാക്കണം.
അലിസറ്റര്‍ കുക്കിനെ കുരുക്കാന്‍ ഫീല്‍ഡ് ക്രമീകരണത്തില്‍ ചെറിയ മാറ്റം വേണമെന്ന് നാലാം ദിവസത്തില്‍ നിര്‍ദ്ദേശിച്ചത് പൂജാരയായിരുന്നു. ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ കൂടുതല്‍ നിര്‍ത്തുകയായിരുന്നു പുതിയ പദ്ധതി. അതില്‍ കുക്ക് വീഴുകയും ചെയ്തു. നാലാം ദിവസത്തിന്റെ അവസാനത്തില്‍ ലഭിച്ച നായകന്റെ വിക്കറ്റ് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു.
തന്റെ ബാറ്റിംഗില്‍ കോലി സന്തോഷവാനാണ്. ആദ്യ ഇന്നിംഗ്‌സില്‍ 167 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 109 പന്തില്‍ 81 റണ്‍സും. വ്യക്തമായ പ്ലാനിംഗിലാണ് രണ്ട് ഇന്നിംഗ്‌സുകളും പേസ് ചെയ്തതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. പിടിച്ചു നില്‍ക്കുക എളുപ്പമല്ല. പക്ഷേ നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ പതറാതെ കളിക്കാം-അദ്ദേഹം പറഞ്ഞു.