X

കോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തത്: വി.ഡി.സതീശന്‍

കൊച്ചി:കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ.നിയമ ബിരുദവും കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെന്ന തീരുമാനം ഒരു യുക്തിയുമില്ലാത്തതാണ്.സുപ്രീംകോടതിപോലും നടപ്പാക്കാന്‍ മടിച്ചു നില്‍ക്കുന്ന തീരുമാനം കേരള ഹൈക്കോടതിയില്‍ നിര്‍ബന്ധമാക്കിയതുവഴി തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് ജഡ്ജിമാര്‍ കൂടിയാലോചിച്ച് നടത്തിയിരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

എറണാകുളം പ്രസ്‌ക്ലബ്ബ് ‘മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രസ്‌ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘനയുടെ 19ാം വകുപ്പില്‍ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.ഹൈക്കോടതിയുടെ മീഡിയാറൂം തുറക്കുന്നില്ല എന്നു പറഞ്ഞാല്‍ 19ാം വകുപ്പിനെ സംരക്ഷിക്കാന്‍ കോടതിവളപ്പില്‍ പോലും കഴിയുന്നില്ലെന്നാണ്.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വെറും അഞ്ച് മിനിറ്റുകൊണ്ട് സര്‍ക്കരിനോ കോടതിക്കോ ഒത്തുതീര്‍പ്പാക്കാവുന്നതായിരുന്നു.എന്നാല്‍ ഇവര്‍ ഇടപെടാന്‍ വൈകിയതാണ് പ്രശ്‌നം ഇത്രയും ഗുരുതരമാകാന്‍ കാരണം.

ചില വ്യക്തികളുടെ താല്‍പര്യങ്ങളാണ് ഒരുപറ്റം അഭിഭാഷകര്‍ ഏറ്റെടുത്ത് നടത്തിയത്.കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന ഉറപ്പ് പാലിക്കാന്‍ കോടതിക്കോ അഭിഭാഷകര്‍ അതിരുകടന്നാല്‍ ഇടപെടുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിനോ സാധിച്ചില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.എല്‍.ബി ബിരുദമുളളവര്‍ മാത്രം ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന ഉത്തരവ് അതിര്‍ത്തിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് അസാധുവാക്കലും പോലെ അശാസ്ത്രിയമായ തീരുമാനമാണെന്ന് അഡ്വ.എ.പി.ഉദയഭാനു പറഞ്ഞു. നിരവധി തലങ്ങളിലുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഉള്‍പ്പടെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ജനങ്ങളുടെ അറിയാനുളള അവകാശത്തെ ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ ആരാണ് ജഡ്ജിമാര്‍ക്ക് അധികാരം നല്‍കിയത്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് മാദ്ധ്യമപ്രതിനിധികളെ കോടതിയില്‍ നിന്ന് ഒഴിവാക്കാനുളള തന്ത്രമാണിത്. കുഴപ്പം സംഭവിക്കുന്ന എന്തു കാര്യമാണ് കോടതിയില്‍ നടക്കുന്നതെന്ന് ജഡ്ജിമാര്‍ പറയണം. വാര്‍ത്ത എഴുതിയത് എല്‍.എല്‍.ബിക്കാരനാണോ എന്ന് വായനക്കാര്‍ക്ക് അറിയേണ്ട കാര്യമില്ല.

തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ കോടതി എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കോടതിയില്‍ നിന്നുളള പുതിയ ഉത്തരവുകള്‍ അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അറിയാനുളള അവകാശത്തിന് മേല്‍ ഇതിനെക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ പൊതുസമൂഹവും മാദ്ധ്യമപ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണം.
കഴിഞ്ഞ 120 ദിവസമായി വാര്‍ത്തയുടെ തമസ്‌കരണം നടക്കുന്നതു മൂലം ജഡ്ജിമാര്‍ക്ക് ജനകീയ ഇടപെല്‍ നടത്താന്‍ കഴിയുന്നില്ല. പൊതുസമൂഹത്തിലെ ചര്‍ച്ചകളിലും അനുരഞ്ജനങ്ങളിലൂടെയുമാണ് ജഡ്ജിമാര്‍ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്നത്. ഇതിന്റെ പ്രതിഫലനം വിധികളിലുമുണ്ടാവും. എന്നാല്‍ മാധ്യമ വിലക്കു മൂലം സ്വാശ്രയ കോളജ് പ്രവേശനം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ കോടതികളില്‍ എന്തു ചര്‍ച്ച നടന്നുവെന്ന് അറിയാനുളള അവസരം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ സ്വാഗതമാശംസിച്ചു.എന്‍.പത്മനാഭന്‍ വിഷയം അവതരിപ്പിച്ചു.അഡ്വ.സി.പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷനായിരുന്നു.ട്രഷറര്‍ പി.എ മഹബൂബ് നന്ദി പറഞ്ഞു.

chandrika: