അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്‌ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി കുതിച്ചത്.
ബ്ലാസ്‌റ്റേഴ്‌സിനായി 48ാം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടും (പെനാല്‍റ്റി) ഇഞ്ചുറി ടൈമില്‍ സീസണിലെ അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതും വല കുലുക്കി. ഗോവയിലെ ആദ്യ പാദത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലത്തെ വിജയവും. അന്ന് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവക്കെതിരെ 2-1ന് കേരളം ജയിച്ചു കയറിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കയ്യാങ്കളി കണ്ട കളത്തില്‍ ന്യൂസിലാന്റുകാരന്‍ റഫറി നിക്ക് വാല്‍ഡ്രോമിന് ഉയര്‍ത്തേണ്ടി വന്നത് രണ്ടു ചുവപ്പ് കാര്‍ഡടക്കം പത്തു കാര്‍ഡുകള്‍. ഗോവയുടെ നായകന്‍ ആര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ഗോവയുടെ ആറ് താരങ്ങള്‍ക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ക്കുമെതിരെ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി. കളിയുടെ ഒടുക്കത്തില്‍ റഫറിയെ ഗോവന്‍ ടീം കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. സുരക്ഷ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ നിയന്ത്രണ വിധേയരാക്കിയത്. ഒമ്പതു പേരുമായാണ് രണ്ടാം പകുതിയില്‍ ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. 12ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളുമായി റാഫിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. സന്ദീപ് നന്ദിക്ക് പകരം ബാറിന് കീഴില്‍ ഗ്രഹാം സ്റ്റാക്കെത്തി. എ.എഫ്.സി കപ്പിന് ശേഷം തിരിച്ചെത്തിയ സി.കെ വിനീതും റിനോ ആന്റോയും പകരക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. മുന്‍നിരയില്‍ ജോഫ്രെക്ക് പകരം ലെഫ്റ്റ്ബാക്കില്‍ രാജു ഗെയ്ക്ക് വാദ് ഇറങ്ങിയതായിരുന്നു ഗോവയിലെ ഏക മാറ്റം. കളി ചൂടുപിടിക്കും മുമ്പേ ഗാലറിയെ ഞെട്ടിച്ച് ഗോവ ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് റിച്ചാര്‍ലിസണ്‍, ഉയര്‍ന്നു പൊങ്ങിയ പന്ത് ലഭിച്ചത് റാഫേല്‍ കൊയ്‌ലോക്ക്, സുന്ദരമായ ഹെഡര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലിനടിയിലൂടെ ചെന്ന് വല തൊട്ടു, 0-1. ബ്ലാസ്റ്റേഴ്‌സ് മഹ്മതിന് പകരം കാദിയോയെയും ഗോവ റാഫേല്‍ കൊയ്‌ലോക്ക് പകരം ഗോണ്‍സാല്‍വ്‌സിനെയും ഇറക്കി രണ്ടാം പകുതിക്കിറങ്ങി. നിമിഷ നേരം കൊണ്ട് പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. റഫീഖിന്റെ വല ലക്ഷ്യമാക്കിയുള്ള ഷോട്ട് കട്ടിമാണിക്ക് മുന്നില്‍ നിന്ന ഗോവയുടെ നായകന്‍ കൂടിയായ ഗ്രിഗ്രറി അര്‍നോലിന്‍ തടഞ്ഞത് വലത് കൈകൊണ്ട്, ബോധപൂര്‍വ്വമല്ലെന്ന് ഗോവ വാദിച്ചെങ്കിലും ചുവപ്പ് കാര്‍ഡ് എടുക്കാനും പെനാല്‍റ്റി കിക്ക് അനുവദിക്കാനും റഫറിക്ക് അധികസമയം വേണ്ടി വന്നില്ല, കിക്കെടുത്ത ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് കൃത്യമായി വലയില്‍ പതിച്ചു, (1-1).
ഗാലറിയില്‍ മഞ്ഞക്കടലിരമ്പം. ആക്രമണത്തിന് മൂര്‍ച്ച പോരെന്ന് തോന്നിയ കോപ്പല്‍ മുഹമ്മദ് റഫീഖിനെ പിന്‍വലിച്ച് മലയാളി താരം സി.കെ വിനീതിനെ കളത്തിലിറക്കി. നിറഞ്ഞ കയ്യടിയോടെയാണ് സീസണിലെ ആദ്യ മത്സരത്തിന് വിനീത് ഇറങ്ങിയത്. 81ാം മിനുറ്റില്‍ വിനീതിനെ ബോക്‌സിന് പുറത്ത് നിന്ന് വീഴ്ത്തിയതിന് ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തായി. ഗോവന്‍ താരങ്ങളോട് കയര്‍ത്ത സി.കെ വിനീതിനും കാര്‍ഡ് ലഭിച്ചു. കയ്യാങ്കളി മൂലം പലവട്ടം മത്സരം തടസ്സപ്പെട്ടു. ഒടുവില്‍ സമനിലയില്‍ പിരിയുമെന്ന ഘട്ടത്തില്‍ സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയഗോള്‍ നേടി, ബോക്‌സിനകത്ത് നിന്ന് ഹെങ്ബാര്‍ത്തിന്റെ ഹെഡര്‍ വഴി കിട്ടിയ പന്ത് വലക്ക് തൊട്ടുമുന്നില്‍ നിന്ന വിനീത് ഇടങ്കാല്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.