ന്യൂഡല്‍ഹി: കാണികള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ 2017 അണ്ടര്‍-17 ലോകകപ്പിലെ നിര്‍ണായക മത്സരങ്ങള്‍ക്ക് കൊച്ചിയെ വിലക്കുമെന്ന് സൂചന നല്‍കി ഫിഫ. ഇത്തരം മത്സരങ്ങള്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള കൊച്ചിയുടെ കഴിവില്‍ സംശയം ജനിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ്- ബ്ലാസ്‌റ്റേര്‍സ് മത്സരം അവസാനിച്ച ശേഷമാണ് ഗാലറിയില്‍ പ്രശ്‌നങ്ങളുണ്ടായത്. ഗ്രൗണ്ടിയിലേക്കിറങ്ങിയ ആരാധകരിലൊരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാരോപിച്ച് പ്രകോപിതരായ ആരാധകക്കൂട്ടം ഗാലറിയിലെ കസേരകള്‍ തകര്‍ക്കുകയും പ്ലാസ്റ്റിക് കുപ്പികള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഫിഫയുടെ മാനദണ്ഡ പ്രകാരം കലാപമെന്നു വിളിക്കാവുന്ന സംഭവമാണിതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയുമാണെന്ന് സെപ്പി തുടര്‍ന്നു.
ഇതൊന്നും ലോകോത്തര നിലവാരമുള്ള വേദികള്‍ക്ക് ചേര്‍ന്ന വിധമല്ലെന്നും താരങ്ങള്‍ക്ക് ശാരീരികോപദ്രവമേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്നു വേദി മാറ്റാന്‍ ഇതേവരെ തീരുമാനിച്ചിട്ടില്ല, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി വേണ്ടി വരും- മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സെപ്പി.