തൃപ്പൂണിത്തുറയിലെ വിവാദയോഗാകേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്ന് ഹൈക്കോടതി ചോദിച്ചു. മിശ്രവിവാഹിതരെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതി പരാഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം.
പെണ്‍കുട്ടി നേരിട്ട് നല്‍കിയ ഹര്‍ജിയായതിനാല്‍ ഇത് പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസും സര്‍ക്കാരും കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്ന വാദമുയര്‍ത്തി കോടതി ഇടപെടലിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അത് അംഗീകരിച്ചില്ല. യോഗ കേന്ദ്രത്തെ കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ഇതിനായി പ്രത്യേക അപേക്ഷ നല്‍കാനും നിര്‍ദ്ദേശിച്ചു.
യോഗ കേന്ദ്രത്തില്‍ പീഡനത്തിന് ഇരയായി എന്നു ചൂണ്ടിക്കാട്ടി സത്യവാങ് മൂലം സമര്‍പ്പിച്ച കണ്ണൂര്‍ സ്വദേശി ശ്വേത ഹരിദാസന്റെ പരാതിയാണ് കോടതി പരിഗണിച്ചത്.
കണ്ടനാട് ശിവശക്തി യോഗ സെന്ററില്‍ 65 ഓളം യുവതികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും വഴങ്ങിയില്ലെങ്കില്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ സത്യവാങ് മൂലം.
തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടിച്ചു
കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാടുള്ള വിവാദ യോഗാ കൗണ്‍സിലിംഗ് സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടപ്പിച്ചു. മിശ്രവിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നു. എറണാകുളം കണ്ടനാടുള്ള യോഗാ ആന്റ് ചാരിറ്റബിള്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിംഗ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരുര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. 25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിംഗിനായി നിലവില്‍ ഇവിടെയുണ്ടായിരുന്നു. ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്ന് പൊലീസ് അറിയിച്ചു. യോഗ സെന്ററര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം സ്ഥാപനത്തിന് മുന്നില്‍വെച്ച് പൊലീസ് തടഞ്ഞു.
ക്രിസ്തുമതത്തിലേക്ക് മാറിയ തന്നെ തിരികെ ഹിന്ദുമതത്തിലെത്തിക്കാന്‍ യോഗാകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിക്കാരിയായ യുവതി പറഞ്ഞു. ഒറ്റക്ക് കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരാനായ ഭര്‍ത്താവിനെ കൊല്ലുമെന്നും ഭര്‍ത്താവിന്റെ രഹസ്യവീഡിയോകള്‍ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ആതിരയെയും ഇവിടെ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു. 22 ദിവസം ഇവിടെ പാര്‍പ്പിച്ച ആതിര ദിവസങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തി താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ച് പോകുന്നതായി വ്യക്തമാക്കിയിരുന്നു.