X

കേരളത്തിന്റെ കഞ്ഞിയില്‍ കല്ലിടരുത്

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് ആശങ്കാജനകമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലിട്ടത്. ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതില്‍ വേവലാതിപൂണ്ട സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ചില നടപടികളിലേക്ക് പോകുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അത് എത്രമാത്രം ഫലപ്രദമാകുമെന്ന് പറയാനാവില്ല. ഈ മാസം വിതരണം ചെയ്യേണ്ട അരിയുടെ കണക്ക് സപ്ലൈ ഓഫീസുകള്‍ക്കും റേഷന്‍ കടകള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാറിന് സാധിച്ചിട്ടില്ല. ‘പ്രയോറിറ്റി ലിസ്റ്റ്’ പ്രകാരം റേഷന്‍ വിതരണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. ഈ രീതിയില്‍ വിതരണം നടത്തിയാല്‍ പോലും സബ്‌സിഡിയുണ്ടായിരുന്ന റേഷന്‍ കാര്‍ഡിന് അരി ലഭിക്കണമെങ്കില്‍ കിലോക്ക് 22.54 രൂപ നല്‍കണമെന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രയോറിറ്റി ലിസ്റ്റില്‍ നിറയെ അപാകതകള്‍ കടന്നുകൂടിയതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ നിയമം 2017 ഏപ്രിലില്‍ നടപ്പാക്കുമെന്നും അടുത്തമാസം ആദ്യത്തില്‍ അരിവിതരണം ആരംഭിക്കുമെന്നുമാണ് സംസ്ഥാന ഭക്ഷ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഭക്ഷ്യവിഹിതം വെട്ടിക്കുറക്കുമെന്ന് കേന്ദ്രം രണ്ടുമാസം മുമ്പ് വ്യക്തമായ സൂചന നല്‍കിയിട്ടും പദ്ധതി നടപ്പാക്കുന്നതില്‍ അമാന്തം കാണിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഗുരുത വീഴ്ചയാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. പ്രയോറിറ്റി ലിസ്റ്റ് തയാറാക്കാതെയും ആവശ്യമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് തരപ്പെടുത്താതെയും പദ്ധതിയോട് മുഖം തിരിഞ്ഞുനിന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ആത്മാര്‍ഥത നടിക്കുന്നതില്‍ ന്യായമായും സംശയമുണ്ട്.

സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങളുടെ അളവ് ഏപ്രില്‍ ഒന്നുമുതല്‍ വെട്ടിക്കുറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഗൗരവമായി കണ്ടില്ലെന്നതാണ് സത്യം. എ.പി.എല്‍ കാര്‍ഡുടമകളുടെ അരി വിഹിതം വെട്ടിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്‌സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരുമെന്ന് അറിയിച്ചിരുന്നു. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. കഴിഞ്ഞു ഈസ്റ്റ്, വിഷു ആഘോഷ വേളകളില്‍ സംസ്ഥാനത്ത് ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പ് പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.

ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനും സബ്‌സിഡി എടുത്തുമാറ്റുന്നതിനും സൂചന നല്‍കി റേഷന്‍ ഒഴികെയുള്ള മറ്റു സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഇതിനുള്ള കാരണം വ്യക്തമാക്കാന്‍ അന്ന് സര്‍ക്കാര്‍ തയാറായിരുന്നില്ല. പുതിയ റേഷന്‍ സ്റ്റോക്കിനു വേണ്ടി മൊത്തവിതരണക്കാര്‍ സര്‍ക്കാറിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഉത്സവ കാലത്ത് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക റേഷന്‍ വിഹിതവും ഈയടുത്ത കാലങ്ങളിലായി ലഭിക്കുന്നില്ല. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള ഒരു ലിറ്റര്‍ മണ്ണെണ്ണ അര ലിറ്ററായി ചുരുക്കിയപ്പോഴും കാര്‍ഡൊന്നിന് മാസം ഒരു കിലോ പ്രകാരം വെട്ടിക്കുറച്ച ഗോതമ്പിന്റെ വില രണ്ടുരൂപയില്‍ നിന്ന് 6.70 രൂപയായി വര്‍ധിപ്പിച്ചപ്പോഴും സംസ്ഥന ഭക്ഷ്യവകുപ്പിന് കുലുക്കമുണ്ടായിരുന്നില്ല.

കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതാണ് റേഷന്‍ സാധനങ്ങളുടെ അളവ് കുറയാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാറിന് നന്നായറിയാം. എന്നാല്‍ ഇതു മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് നിമിത്തമായിട്ടുള്ളത്. നിലവിലെ ബി.പി.എല്‍, എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ കണക്കുകള്‍ കൃത്യമായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ ദാരിദ്യ നിര്‍മാര്‍ജനത്തിനുള്ള ക്രിയാത്മക പദ്ധതിയായാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം ആവിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാറുകളുടെയും പൊതുവിതരണ കേന്ദ്രങ്ങളുടെയും പിന്തുണയോടെ പദ്ധതി നടപ്പാക്കാനാണ് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. പല സംസ്ഥാനങ്ങളിലും ഇത് വിജയകരമായി നടപ്പാക്കുകയും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ വക്കിലാണ് സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചത്. ഇതിനു ശേഷമാണ് പദ്ധതി നടപ്പാക്കുന്നതില്‍ മെല്ലെപ്പോക്ക് നയം പ്രകടമായത്. കക്ഷിരാഷ്ട്രീയ ഭേദമന്യെ റേഷന്‍ വ്യാപാരികള്‍ പലതവണ ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചെങ്കിലും വാക്കുകളിലൊതുങ്ങുന്ന വാഗ്ദാനങ്ങളല്ലാതെ പ്രായോഗിക നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പോരായ്മ കൊണ്ടല്ല ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുന്നത്. നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഭക്ഷ്യ-സിവില്‍ വകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.
രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യും വിധം നടപ്പാക്കിയ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഗ്രാമങ്ങളിലെ 75 ശതമാനം പേര്‍ക്കും നഗരങ്ങളിലെ 50 ശതമാനം ദരിദ്ര ദരിദ്ര വിഭാഗങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയാണ് വേണ്ടത്. പരസ്പരം പഴിചാരിയും നടപടിക്രമങ്ങളിലെ സങ്കീര്‍ണത പരിശോധിച്ചും പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന കാര്യം തിരിച്ചറിയാതെ പോകരുത്. ഭക്ഷ്യസുരക്ഷാ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഉദ്ദേശ്യമെങ്കില്‍ ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിലെ പൊതുസമൂഹം അത് പൊറുക്കില്ലെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

Web Desk: