കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്‌നയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ് നയത്തിലാണ് വിവാദമായ നയങ്ങളുള്ളത്. കേരളത്തിലെ തീര്‍ഥാടകരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ യോഗത്തില്‍ അധ്യക്ഷനായി.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് 2018- 2022 കാലത്തേക്കുള്ള കരട് നയം തയ്യാറാക്കി സമര്‍പ്പിച്ചതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളുള്‍പെടെ വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെയും മതസംഘടനാ പ്രതിനിധികളുടെയും യോഗത്തിന്റെ വികാരം മന്ത്രി മാധ്യമപ്രവര്‍ത്തര്‍ത്തകരുമായും പങ്കുവെച്ചു. നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട 75:25 എന്നത് 80:20 ആയി സര്‍ക്കാര്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ക്വാട്ട 70 ആയി കുറക്കാനുള്ള കരട് നയത്തിലെ ശുപാര്‍ശ തള്ളണമെന്നും യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
70 വയസ്സ് കഴിഞ്ഞവര്‍ക്കും തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്നും കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കരിപ്പൂരിലേക്ക് മാറ്റണമെന്നും രാജ്യത്തെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഒന്‍പതായി കുറക്കാനുള്ള കരട് നിര്‍ദേശം തള്ളി 21ല്‍ നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഹാജിമാര്‍ക്ക് മക്കയില്‍ താമസിക്കാനുള്ള ഗ്രീന്‍- അസീസിയ്യ കാറ്റഗറികളില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അസീസിയ്യ കാറ്റഗറി മാത്രം മതിയെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, ടി.വി. ഇബ്രാഹീം എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിന ശൈഖ് (ഗോവ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം ഭായ്ജാന്‍, രാജസ്ഥാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സലീം ചൗഹാന്‍, കേരള ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.